കോവിലകത്തും കടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തിന് തുടക്കം

കൂടരഞ്ഞി: കോവിലകത്തും കടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോൽസവത്തിന് ഔപചാരികമായി തുടക്കം കുറിച്ചു. ഒക്ടോബർ 03 മുതൽ ആണ് ആരംഭിച്ചത്. ഒക്ടോബർ 13 വരെ ഭക്തിസാന്ദ്രമായ അനുഷ്ഠാനങ്ങളോടുകൂടി നവരാത്രി ആഘോഷങ്ങൾ വിപുലമായി നടത്തപ്പെടും.
വിശേഷാൽ പൂജകൾ, വിദ്യാരംഭം, വാഹന- ആയുധ പൂജകൾ, അന്നദാനം, നിറമാല, ചുറ്റുവിളക്ക്, ഗുരുതി പുഷ്പാജ്ഞലി, സമൂഹ അർച്ചന തുടങ്ങിയ വിവിധ പരിപാടികളാണ് മഹോൽസവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നിർദ്ദേശപ്രകാരം മേൽശാന്തി സുധീഷ് ശാന്തിയാണ് പൂജകൾക്ക് കാർമ്മികത്വം വഹിക്കുന്നത്. സർവ്വ ഐശ്വര്യ പൂജ, ഗണപതി ഹോമം, ഭഗവതിസേവ തുടങ്ങിയ വിശേഷാൽ പൂജകളും ഇതോടനുബന്ധിച്ച് നടക്കും.
ഭക്തരുടെ പങ്കാളിത്തത്തോടെ എല്ലാ ദിവസവും വൈകുന്നേരം നിറമാലയും ചുറ്റുവിളക്കും സമർപ്പിക്കപ്പെടും. വിദ്യാർത്ഥികളുടെയും മാതൃസമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ സമൂഹ അർച്ചനയും നാമജപവും നടത്തപ്പെടും.
വിദ്യാരംഭ ചടങ്ങുകൾക്ക് ഡോ. രൂപേഷ് നമ്പൂതിരി നേതൃത്വം നൽകും. നവരാത്രി മഹോൽസവ വിജയത്തിനായി മനോജ് ചായം പുറത്ത് കൺവീനറായും, സജീവൻ ആലക്കൽ, ജയദേവൻ നെടുമ്പോക്കിൽ എന്നിവർ ജോയൻ്റ് കൺവീനർമാരായും, ഷാജി വട്ടച്ചിറയിൽ, ഷൈലജ പള്ളത്ത്, രമണി ബാലൻ, ബാബു ചാമാടത്ത് എന്നിവർ മെമ്പർമാരായും പ്രവർത്തിക്കുന്നു.







