Mukkam

വന്യമൃഗങ്ങൾക്കൊപ്പം തേനീച്ചയും

മുക്കം : കാട്ടാനയും കടുവയും പുലിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾക്കൊപ്പം തേനീച്ചയുടെ അപ്രതീക്ഷിത ആക്രമണവുംകൂടി രൂക്ഷമായതോടെ നിസ്സഹായരായി മലയോരജനത. തേനീച്ചയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കാത്തതും തേനീച്ചകളെ തുരത്താൻ ശാസ്ത്രീയസംവിധാനങ്ങളില്ലാത്തതുമാണ് പ്രധാന പ്രശ്നം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെമാത്രം 22 പേർക്കാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

നിലമ്പൂർ വനമേഖലയോടുചേർന്ന പുതുപ്പാടി മേലെ കക്കാട് ഭാഗത്ത് മാവോവാദി തിരച്ചിലിന്റെ ഭാഗമായുള്ള പരിശോധനയ്ക്കെത്തിയ തണ്ടർബോൾട്ട് സേനാംഗങ്ങൾക്ക് നേരേയുണ്ടായ കാട്ടുതേനീച്ച (മലങ്കുറവൻ തേനീച്ച) യുടെ ആക്രമണമാണ് ഒടുവിലത്തെ സംഭവം.
കൂട്ടത്തോടെയെത്തിയ തേനീച്ചകൾ ഒരുകിലോമീറ്ററോളം ഓടിച്ചാണ് തണ്ടർബോൾട്ട് സേനാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചത്. തേനീച്ചക്കൂട് ശ്രദ്ധയിൽപ്പെട്ടാൽ ഇവയെ തുരത്തുന്ന വിദഗ്ധരെ എത്തിച്ച് കൂട് നശിപ്പിക്കുകയാണ് പതിവ്. എന്നാൽ, ഉയരമുള്ള മരത്തിലും പനകൾക്കുമുകളിലുമുള്ള തേനീച്ചക്കൂടുകൾ കണ്ടെത്തുക പ്രയാസകരമാണ്. പലപ്പോഴും ആക്രമണമുണ്ടാകുമ്പോഴാണ് തേനീച്ചകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടുകയെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ 19-ന് രാവിലെ പുതുപ്പാടി പഞ്ചായത്തിലെ മുപ്പതേക്രയിൽ മലങ്കുറവൻ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ഏഴുപേർക്ക് പരിക്കേറ്റിരുന്നു. മുപ്പതേക്ര ഊരാളുകണ്ടി ഹംസയുടെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം നിർമിക്കുന്ന വീടിന്റെ തറനിർമാണപ്രവൃത്തിക്കിടെയാണ് ആക്രമണമുണ്ടായത്. സമീപത്തെ പനയിലുണ്ടായിരുന്ന തേനീച്ചക്കൂട് പരുന്തോ മറ്റോ ആക്രമിച്ചതോടെ ഇളകിയെത്തിയ മലങ്കുറവൻ തേനീച്ചകൾ തൊട്ടടുത്ത് നിർമാണപ്രവൃത്തിയിലേർപ്പെട്ട തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. ഇരമ്പിയാർത്തെത്തിയ തേനീച്ചക്കൂട്ടത്തെകണ്ട് എല്ലാവരും ഓടിയെങ്കിലും ഇരുനൂറ്് മീറ്ററോളം പിന്തുടർന്നാണ് അവ ആക്രമിച്ചത്. വീട്ടുടമയ്ക്കും വീടുപണിക്കെത്തിയവർക്കും ദേഹമാസകലം കുത്തേറ്റു. 17-ന് മട്ടിക്കുന്നിൽ രണ്ടുപേർക്ക് ദേഹമാസകലം കടന്നൽ കുത്തേറ്റ് പരിക്കേറ്റിരുന്നു. പുതുപ്പാടിയിലെതന്നെ മട്ടിക്കുന്നിൽ ദമ്പതിമാരായ വേണു, ശാരദ എന്നിവർക്ക് പശുവിന് പുല്ലുപറിക്കുന്നതിനിടെയാണ് കടന്നൽക്കുത്തേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ തീയിട്ടായിരുന്നു കടന്നൽ ആക്രമണത്തിൽനിന്ന്‌ ഇരുവരെയും രക്ഷപ്പെടുത്തിയത്. കടന്നൽക്കൂട് പിന്നീട് നാട്ടുകാർ കണ്ടെത്തി തീയിട്ട് നശിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button