Kerala

സംസ്ഥാനത്ത് മദ്യവില കുത്തനെ ഉയരും; 10 മുതല്‍ 35 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകള്‍ എല്ലാം അടച്ചുപൂട്ടിയിരുന്നു. അതിനിടെ സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 ശതമാനം മുതല്‍ 35 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനം.

കൊറോണപ്രതിരോധത്തിനായി ഇത്തരത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില കുത്തനെ ഉയരും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ബിയറിനും വൈനിനും 10 ശതമാനം വീതമായിരിക്കും സെസ്.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചനകള്‍. ഏറ്റവും വില കൂടിയ മദ്യത്തിനായിരിക്കും 35 ശതമാനം സെസ്. രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്.

ലോക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിരുന്നു. എന്നാല്‍ മദ്യശാലകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. അതേസമയം കള്ളുഷാപ്പുകള്‍ ഇന്ന് മുതല്‍ തുറന്നിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പാഴ്‌സലായാണ് കള്ള് ലഭിച്ചത്.

Related Articles

Leave a Reply

Back to top button