Kerala

ഉത്രയുടെ മരണം കൊലപാതകം; ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു; രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന് കുറ്റസമ്മതം

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. ഉത്രയെ രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സൂരജിന്റെ സുഹൃത്ത് , ബന്ധു എന്നിവരും കസ്റ്റഡിയില്‍. മൂന്നുപേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

കല്ലുവാതില്‍ക്കല്‍ ഉള്ള സുരേഷ് എന്ന പാമ്പ് പിടുത്തക്കാരനില്‍ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. പാമ്പിനെ വെച്ചുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാണെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. .ഈ പാമ്പ് പിടുത്തക്കാരന്‍ പാമ്പിനെ കുപ്പിയിലാക്കി അടൂരുള്ള സൂരജിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

അഞ്ചല്‍ സ്വദേശിനി ഉത്ര(25)യ്ക്ക് രണ്ട് തവണയാണ് പാമ്പ് കടിയേറ്റത്. ആദ്യ തവണ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചാണ് ഉത്രയ്ക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന്ചികിത്സ കഴിഞ്ഞ് ഉത്രയുടെ വീട്ടില്‍ വിശ്രമിക്കവെയാണ് വീണ്ടും പാമ്പു കടിയേറ്റ് മരിച്ചത്. മേയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയുടെ വീട്ടില്‍ അന്ന് ഭര്‍ത്താവ് സൂരജും ഉണ്ടായിരുന്നു. മരിച്ച അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.

എസി ഉണ്ടായിരുന്ന, നിലം ടൈലിട്ട അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിപ്പിച്ചത്.

Related Articles

Leave a Reply

Back to top button