Puthuppady
ചുരം ബൈപ്പാസ് റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്

പുതുപ്പാടി : അടിവാരം – നാലാംവളവ് ചുരം ബൈപ്പാസ് റോഡിൽ മുപ്പതേക്ര പള്ളിയുടെ സമീപത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. കർണാടകയിൽനിന്ന് ഉള്ളി കയറ്റി വരുകയായിരുന്ന വാഹനം ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്.
പിക്കപ്പ് വാൻ ഡ്രൈവർ പുതുപ്പാടി വള്ളിയാട് നെല്ലൂളി വീട്ടിൽ മുഹമ്മദ് ഷാഫി (33), ഒപ്പമുണ്ടായിരുന്ന പുതുപ്പാടി ഈങ്ങാപ്പുഴ വയപ്പുറത്ത് നൗഷാദ് (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







