മലയോര ഹൈവേയിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ച വരെ ആദരിച്ചു

കോടഞ്ചേരി: ഓയിസ്ക ഇൻറർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്റർ വാർഷിക ആഘോഷത്തോടനുബന്ധിച്ച് എല്ലാവർഷവും നൽകിവരുന്ന കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയുടെ കോടഞ്ചേരി മുതൽ പുല്ലൂരാംപാറ ഇലന്തുകടവ് വരെയുള്ള റോഡ് സൈഡിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ച് ഏറ്റവും മനോഹരമായി സൂക്ഷിക്കുന്ന കുടുംബങ്ങൾക്ക് ഹണി റോക്ക് റിസോർട്ട് നൽകുന്ന ഏവർറോളിങ് ട്രോഫി യും ക്യാഷ് അവാർഡും മൊമെന്റോയും നൽകി.തുഷാരഗിരി ഹണി റോക്ക് റിസോർട്ടിൽ വെച്ച് നടന്ന ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്ററിന്റെ വാർഷിക ആഘോഷച്ചടങ്ങ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു.
മികച്ച ഹൈവേ ഗാർഡനുകൾ ഒരുക്കിയ മഞ്ഞുവയൽ സ്വദേശി രാജേഷ് കരിനാട്ട് ഒന്നാം സ്ഥാനത്തിനും, നെല്ലിപ്പൊയിൽ സ്വദേശി എബിൻ പൂന്തുരുത്തിയിൽ രണ്ടാം സ്ഥാനത്തിനും അർഹനായി.വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു.
52 തവണ രക്തദാനം നൽകി ,”രക്തദാനം മഹാദാനം” എന്നത് ജീവിതചര്യയാക്കി മാറ്റിയ നെല്ലിപ്പൊയിൽ സ്വദേശിയായ ബിജു ഓത്തിക്കലിനെ മികച്ച രക്തദാന വളണ്ടിയർ ആയി തെരഞ്ഞെടുക്കുകയും മോമെന്റോ നൽകി ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്റർ ആദരിക്കുകയും ചെയ്തു. തുടർന്ന് ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡണ്ട് കെ ടി സെബാസ്റ്റ്യൻ പുതിയ ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.പ്രസിഡണ്ട് ഷെല്ലി കുന്നേൽ,സെക്രട്ടറി മനോജ് ടി കുര്യൻ,ട്രഷറർ സണ്ണി തടത്തിൽ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.ഓയിസ്ക പ്രസിഡണ്ട് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജിനേഷ് കുര്യൻ 2025 – 26 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
നാലാം വാർഡ് മെമ്പർ ജിജി എലിവാലുങ്കൽ ആറാം വാർഡ് മെമ്പർ വിൽസൺ തറപ്പേൽ ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡണ്ട് കെ. ടി സെബാസ്റ്റ്യൻഎന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.ജിജി കരുവിക്കടയിൽ സ്വാഗതം പറഞ്ഞ ചടങ്ങിന്. മനോജ് കുര്യൻ നന്ദി പറഞ്ഞു.







