Kodanchery

കോടഞ്ചേരിയിൽ സി.എച്ച്. സെന്റർ പ്രഖ്യാപന സംഗമം നാളെ

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സി.എച്ച്. സെന്ററിന്റെ പ്രഖ്യാപന സംഗമം നാളെ (സെപ്റ്റംബർ 29) ഉച്ചകഴിഞ്ഞ് 3ന് കോടഞ്ചേരിയിൽ നടക്കും. കോടഞ്ചേരി ഗവൺമെന്റ് ആശുപത്രി കേന്ദ്രീകരിച്ചായിരിക്കും സെന്ററിന്റെ പ്രവർത്തനങ്ങൾ.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാ സഹായവും ആരോഗ്യപരിചരണവും ലഭ്യമാക്കുക, കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചുനൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സി.എച്ച്. സെന്റർ ആരംഭിക്കുന്നത്.

ചികിത്സാ സഹായം, മരുന്ന് വിതരണം, ആരോഗ്യപരിശോധന, മെഡിക്കൽ ക്യാമ്പുകൾ, വിദഗ്ധ ചികിത്സയ്ക്കുള്ള സഹായം തുടങ്ങിയ വിവിധ സേവനങ്ങൾ സെന്ററിന്റെ ഭാഗമായി നടപ്പാക്കും.

മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം നിർവഹിക്കും. കൊടുവള്ളി നിയോജകമണ്ഡലം എം എൽ എ പി.കെ. ഫിറോസ് സി.എച്ച്. സെന്റർ പ്രഖ്യാപനം നടത്തും. മുസ്ലിം ലീഗ് നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.സാധാരണക്കാരായ രോഗികൾക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും സമൂഹത്തിന്റെ കൂട്ടായ്മയിലൂടെ ആരോഗ്യപരിരക്ഷാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് സെന്റർ ലക്ഷ്യമിടുന്നത്.

പരിപാടിയിലേക്ക് കോടഞ്ചേരി പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് സംഘാടകസമിതിക്കുവേണ്ടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി. അബൂബക്കർ മൗലവി, ജനറൽ സെക്രട്ടറി കെ.എം. ബഷീർ, ട്രഷറർ പി.കെ. അബ്ദുൽ കഹാർ എന്നിവർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button