Thiruvambady

ഓപ്പറേഷൻ ശുദ്ധി: തിരുവമ്പാടിയിൽ പരിശോധന ശക്തമാക്കി; ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

തിരുവമ്പാടി : 87 ഭക്ഷ്യനിർമാണ-വിതരണ സ്ഥാപനങ്ങളിൽ പരിശോധന; 38 സ്ഥാപനങ്ങളിൽ കുടിവെള്ള പരിശോധനാ റിപ്പോർട്ടില്ല, 31 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല; ഒക്ടോബർ 15 മുതൽ കർശന നടപടി

ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടിയും സംയുക്തമായി നടപ്പാക്കുന്ന പ്രത്യേക ഭക്ഷ്യസുരക്ഷാ-ശുചിത്വ പരിശോധനാ കാമ്പയിനായ ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷ്യനിർമാണ-വിതരണ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി.

കാമ്പയിൻ ആരംഭിച്ച് 45 ദിവസം പിന്നിട്ടിട്ടും ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സെപ്റ്റംബർ ഒന്നുമുതൽ ആനക്കാംപൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, തിരുവമ്പാടി ടൗൺ, തൊണ്ടിമ്മൽ തുടങ്ങിയ പ്രദേശങ്ങളിലെ 87 ഭക്ഷ്യനിർമാണ-വിതരണ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 38 സ്ഥാപനങ്ങളിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചതിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നില്ല.31 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിർബന്ധമായ ഹെൽത്ത് കാർഡും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്ത ഒൻപത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതരമായ അപാകതകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പുകയില നിയന്ത്രണ നിയമമായ COTPA പ്രകാരം ആറ് സ്ഥാപനങ്ങളിൽനിന്ന് പിഴയും ഈടാക്കി.

ഒക്ടോബർ 15 മുതൽ വിട്ടുവീഴ്ചയില്ലാത്ത നടപടി

കാമ്പയിൻ ആരംഭിച്ച് 45 ദിവസം പിന്നിട്ടിട്ടും കുടിവെള്ള പരിശോധനാ റിപ്പോർട്ടും ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഇനി ഇളവുകൾ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, അടച്ചുറപ്പില്ലാത്ത അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകും.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം വീഴ്ചകൾ തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ കേരള പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇനി സമയം നീട്ടിനൽകില്ലെന്നും ഒക്ടോബർ 15-ന് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇന്ന് തിരുവമ്പാടി ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിന് സമീപം വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത് വിൽപന നടത്തിയിരുന്ന തട്ടുകട അടച്ചുപൂട്ടി.COTPA നിയമപ്രകാരം നാല് സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന മന്തി ഹൗസ് സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് പുറപ്പെടുവിച്ചു.

ഭക്ഷ്യസുരക്ഷ, വ്യക്തിശുചിത്വം, കുടിവെള്ളത്തിന്റെ ഗുണനിലവാരം, മാലിന്യസംസ്കരണം, ശുചിത്വമുള്ള പാചക-സംഭരണ സംവിധാനങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിനാണ് പരിശോധനകൾ ഊർജിതമാക്കിയിരിക്കുന്നത്. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ചായക്കടകൾ, മത്സ്യ-മാംസ വിൽപനശാലകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങിയവയാണ് കാമ്പയിന്റെ പരിധിയിൽ വരുന്നത്.

ഇന്നത്തെ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിനു കുര്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുജീബ് അബ്ദുൾ സലിം, പ്രമോദ് പി.കെ., മുഹമ്മദ് സലിം, മുഹമ്മദ് മുസ്തഫ ഖാൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അയന എം.എസ്., ജീൻസ് ജോൺ എന്നിവർ പങ്കെടുത്തു.
സുരക്ഷിത ഭക്ഷണം ജനങ്ങളുടെ അവകാശമാണെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button