താമരശ്ശേരി ചുരത്തിന് കാവലായി പുതുപ്പാടിയുടെ ‘ഫയർ ലൈൻ’; സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിക്ക് പുതുപ്പാടിയിൽ തുടക്കമായി

പുതുപ്പാടി: കേരളത്തിൽ ആദ്യമായി ‘ഫയർ ലൈൻ’ എന്ന നൂതന ആശയം ആവിഷ്കരിച്ച് നടപ്പിലാക്കി സംസ്ഥാനത്തിന് മാതൃകയായി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. താമരശ്ശേരി ചുരത്തിൽ ഈ വർഷത്തെ ‘ഫയർ ലൈൻ’ പ്രവൃത്തികൾക്ക് തുടക്കമായി. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ കലവറയും കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയുമായ വയനാട് ചുരത്തെ വേനൽക്കാല കാട്ടുതീയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിബി ജി റാം ജി പദ്ധതിയിൽ ഉൾപ്പെടുത്തി ചിപ്പിലിത്തോട് മുതൽ ചുരം വ്യൂ പോയിന്റ് വരെ വനാതിർത്തിയിൽ ഫയർ ലൈൻ നിർമ്മിക്കുന്ന പ്രവൃത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ചിപ്പിലിത്തോട് വെച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹൻ നിർവഹിച്ചു.
ചുരം സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ചും ചുരത്തിൽ മാലിന്യം വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക വിപത്തുകളെക്കുറിച്ചും അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു താന്നിക്കാക്കുഴി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫയർ ലൈൻ പ്രവൃത്തിയുടെ ആവശ്യകതയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും സംസാരിച്ച അദ്ദേഹം, വരുംദിവസങ്ങളിൽ പഞ്ചായത്ത് ഏറ്റെടുക്കാൻ പോകുന്ന ചുരം സംരക്ഷണ-സൗന്ദര്യവൽക്കരണ പദ്ധതികൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നജുമുന്നിസ ഷെരീഫ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.2,900 തൊഴിൽ ദിനങ്ങൾ ഉൾപ്പെടുത്തി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലാണ് ഈ വർഷത്തെ പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്. വേനൽക്കാലത്ത് യാത്രക്കാർ അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും പടരുന്ന തീ അമൂല്യമായ വനസമ്പത്തിലേക്ക് വ്യാപിക്കുന്നത് തടയാൻ ഈ ഫയർ ലൈൻ നിർമ്മാണത്തിലൂടെ സാധിക്കും.
ചടങ്ങിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു കെ.പി ജൈവവൈവിധ്യ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണ മാർഗങ്ങളെക്കുറിച്ചും സംസാരിച്ചു. വനംവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളും ചുരം സംരക്ഷണ നടപടികളും ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ. പ്രേം ഷമീർ വിശദീകരിച്ചു. പുതുപ്പാടി പഞ്ചായത്തുമായി സഹകരിച്ച് ചുരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനായി ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ശുചീകരണ-സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് റോട്ടറി ക്ലബ് കോഴിക്കോട് നോർത്ത് പ്രസിഡന്റ് ശ്രീ. യൂജിൻ ജോൺസൺ അറിയിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷറഫുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നാജിയ ടീച്ചർ, വാർഡ് മെമ്പർമാരായ ശ്രീ. ഷിഹാബ്, ശ്രീ. അഷ്റഫ്, ശ്രീ. ഷിജു ഐസക്, ശ്രീ. ഷാഫി വളഞ്ഞപാറ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി സബിത, മുസ്ലിം ലീഗ് പ്രസിഡന്റ് ശ്രീ. വി.കെ ഹുസൈൻകുട്ടി, ശ്രീ. മേലേടത്ത് അബ്ദുറഹിമാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കോഴിക്കോട് നോർത്ത് റോട്ടറി ക്ലബ് പ്രോജക്ട് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. ജോണി ജോർജ് നന്ദി രേഖപ്പെടുത്തി.ജനപ്രതിനിധികൾ, ചുരം ബ്രിഗേഡ് പ്രവർത്തകർ, ചുരം സംരക്ഷണ സമിതി നേതാക്കൾ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, വിബി ജി റാം ജി ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി.







