Mukkam
കുരുന്നുകളുടെ ചികിത്സാ ഫണ്ട്: ചായ സൽക്കാരവും ഗാനസദ്യയും നടത്തി

മുക്കം: എസ് എം എ ബാധിതരായ കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് 50 കോടി രൂപ സമാഹരിക്കുന്നതിൻ്റെ ഭാഗമായി നെല്ലിക്കാപറമ്പ് ‘താഴ്വര’ റസിഡൻസ് അസോസിയേഷൻ വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ നെല്ലിക്കാപറമ്പ് അങ്ങാടിയിൽ ചായസൽക്കാരവും ഗാനസദ്യയും നടന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത പരിപാടിയിൽ സി.കെ കാസിം എം.എൽ എ, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി അബ്ദുൽ അക്ബർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.കെ വിജീഷ്, കെ. ഹസീന സംബന്ധിച്ചു. പ്രാദേശിക ഗായകരെ അണിനിരത്തി ഒരുക്കിയ ഗാനസദ്യയും ശ്രദ്ധേയമായി.
ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് ഈ പരിപാടിയിലൂടെ ചികിത്സാ നിധിയിലേക്ക് സമാഹരിക്കാൻ സാധിച്ചത്. ജി. ഷംസിയ, ഇ. സുമയ്യ, സുഹറ, ഹബീബ, മുംതാസ്, ഷാഹിന, ഫൗസിയ, ഷൈജ ഫസീല, ജി. അബ്ദുൽ റഷീദ്, ഇ. മുഹമ്മദ്, ടി. ശിഹാബ്, പി.കെ നസീഫ് നേതൃത്വം നൽകി.







