Kodanchery

‘ഒപ്പം ചേരാം’ പദ്ധതിയുടെജില്ലാതല ഉദ്ഘാടനവും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഒപ്പം ചേരാം’ പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനവും,തയ്യൽ മെഷീൻ വിതരണവും, ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. എൻഎസ്എസ് ഗീതത്തെ തുടർന്ന് സ്കൂൾ പി.ടി.എ. പ്രസിഡന്റ് റൂബി മർക്കോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. സി.കെ. കാസിം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായും സാമൂഹികമായും പ്രയാസങ്ങൾ അനുഭവിക്കുന്നവരെ ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ചെറുതും വലുതുമായ സഹായങ്ങളിലൂടെ സഹജീവിസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കാനും മനുഷ്യസ്നേഹത്തിന്റെ വക്താക്കളായി വളരാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്. തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്ററും കരുവൻപൊയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്രാധ്യാപകനുമായ രതീഷ് ടി. മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി എൻ.എസ്.എസ്. മാനസഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹയായ ഗുണഭോക്താവിന് എം.എൽ.എ.യും വിശിഷ്ടാതിഥികളും ചേർന്ന് തയ്യൽ മെഷീൻ കൈമാറി. സ്വയംതൊഴിൽ സംരംഭത്തിലൂടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും സഹായകമാകുന്ന ഈ പദ്ധതി സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ മാതൃകയായി.

വിദ്യാർത്ഥികളിൽ ജനാധിപത്യബോധം, പൗരബോധം, വോട്ടവകാശത്തിന്റെ പ്രാധാന്യം, തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അവബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ രൂപീകരിച്ച ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിൽസൺ തറപ്പേൽ, റെജി തമ്പി, ബിന്ദു ജോർജ്, മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ സുധർമ്മ എസ്.ഐ.സി., ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി സ്മിത കെ. എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ. നന്ദിയും അറിയിച്ചു.

Related Articles

Leave a Reply

Back to top button