ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ 2 പേർ അറസ്റ്റിൽ

താമരശ്ശേരി ∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ 2 പേരെ അറസ്റ്റ് ചെയ്തു. കൊടുവള്ളി ആറങ്ങോട് മുഹമ്മദ് ഷെഫീഖ് (20), ചുണ്ടപ്പുറം പറമ്പത്തുകാവ് പറമ്പൻകണ്ടത്തിൽ യൂസഫ് (19) എന്നിവരെയാണ് ഡിവൈഎസ്പി ടി. അഷ്റഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 6നു താമരശ്ശേരി ടൗണിലെ കെ.എം.ട്രേഡേഴ്സിന്റെ പൂട്ടു പൊളിച്ചു നടത്തിയ മോഷണക്കേസിന്റെ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കടയിൽനിന്നു മൊബൈൽ ഫോൺ, 5000 രൂപ, 3000 രൂപയുടെ സിഗരറ്റ് തുടങ്ങിയവ കവർന്നു. കടയിലെ സിസിടിവി ദൃശ്യം പരിശോധിച്ചെങ്കിലും മുഖം മൂടി ധരിച്ചിരുന്നതു കാരണം ആളെ തിരിച്ചറിയാനായില്ല.
വിശദ പരിശോധനയിൽ മറ്റൊരാളുടെ നിഴൽ കൂടി ദൃശ്യങ്ങളിൽ കണ്ടതോടെയാണ് മോഷണത്തിൽ 2 പേരുണ്ടെന്നു വ്യക്തമായത്. മോഷ്ടിച്ച സിഗരറ്റ് അടുത്തദിവസം രാവിലെ അമ്പായത്തോട് എസ്റ്റേറ്റിൽ വിൽക്കാൻ ശ്രമിച്ചത് അറിഞ്ഞതാണ് പ്രതികളെ പിടികൂടാൻ വഴിയൊരുങ്ങിയത്. കഴിഞ്ഞദിവസം രാത്രി താമരശ്ശേരി ടൗണിൽ ഡിവൈഎസ്പി ഓഫിസിനു മുൻപിലെ സ്റ്റേഷനറിക്കട, ചുങ്കത്തെ സ്റ്റേഷനറിക്കട, ഈങ്ങപ്പുഴയിലെ പലചരക്കു കട എന്നിവിടങ്ങളിലും മോഷണം നടത്തിയത് ഇവരാണന്ന് പൊലീസ് പറഞ്ഞു.
യൂസഫ് ഒട്ടേറെ ബൈക്ക് മോഷണക്കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. സിഐ എം.പി.രാജേഷ്, എസ്ഐമാരായ സനൽരാജ്, രാജീവ് ബാബു, വി.കെ. സുരേഷ്, അനൂപ്, എഎസ്ഐ ജയപ്രകാശ്, സിവിൽ പൊലീസ് ഒാഫിസർമാരായ മണിലാൽ, അരുൺ, വിജേഷ്. വി.കെ. വിനോദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
News from Manorama
https://www.manoramaonline.com/district-news/kozhikode/2020/06/13/kozhikode-thiefs-arrested.html






