തിരുവമ്പാടിയിൽ വ്യാപാരികൾ ഓവു ചാലിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു.

തിരുവമ്പാടി: അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ ഡ്രൈനേജ് നിർമ്മാണം പൂർത്തീകരിക്കാത്തതിൽ വ്യാപാരികൾ ഓവു ചാലിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു. ലോക്ഡൗൺ മാനദണ്ഡം അനുസരിച്ച് മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ആയിരുന്നു പ്രതിഷേധം. കാലവർഷം ശക്തി പ്രാപിച്ചിട്ടും ടൗണിലെ ഡ്രൈനേജ് നിർമ്മാണം പത്ത് ശതമാനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ടൗണിലുള്ള ഡ്രൈനേജ് മുഴുവൻ തുറന്നിട്ട നിലയിൽ കിടക്കാൻ തുടങ്ങിയിട്ട് രണ്ടു മാസത്തിലധികമായി. ഇത് മൂലം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വ്യാപാരികൾക്കും നേരിടേണ്ടിവരുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇക്കാര്യം പലതവണ അധികാരികളുടേയും കരാറുകാരുടേയും ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയത്തിൽ തിരുവമ്പാടി ടൗണിൽ കടകളിൽ വെള്ളം കയറി വ്യാപാരികൾക്ക് കോടി ക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. തുടർന്നും അത്തരത്തിൽ സംഭവിക്കാതിരിക്കാൻ നിലവിൽ ഡ്രൈനേജ് സ്ലാബ് ഇട്ട് മൂടുക, ശേഷിക്കുന്ന പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ ആവാത്ത പക്ഷം മഴക്കാലത്ത് താൽക്കാലികമായി പ്രവർത്തി നിർത്തി വെക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡിന്റെ പ്ലാനിൽ മാറ്റം വരുത്തി കരാറുകാർക്ക് കോടികൾ തട്ടാൻ കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, രണ്ടര വർഷത്തിലധികമായിട്ടും റോഡ് നിർമാണം പൂർത്തിയാക്കാത്ത കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. ആവശ്യമായ നടപടികൾ കൈകൊണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാടിന്റെ പുരോഗതിയെ മുന്നിൽ കണ്ട് സൗജന്യമായി സ്ഥലം വിട്ടു നൽകിയ സാധാരണ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സമീപനമാണ് കരാറുകാരും ഉദ്യോഗസ്ഥരും കൈക്കൊള്ളുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് പറഞ്ഞു. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ഫൈസൽ ചാലിൽ, നദീർ ടി എ, വിജയമ്മ വിജയൻ, എം ജെ മാണി, രാജൻ മീര എന്നിവർ നേതൃത്വം നൽകി.







