കൊടിയത്തൂരിൽ അഗ്രോഫാർമസി പ്രവർത്തനമാരംഭിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ കൃഷിഭവനിൽ അഗ്രോഫാർമസി പ്രവർത്തനമാരംഭിച്ചു. കർഷകർക്ക് ജൈവ, രാസ, കീട- കുമിൾ നാശിനികൾ ഇവിടെ സൗജന്യമായി വിതരണം ചെയ്യും. വീര്യം കുറഞ്ഞ പച്ച, നീല ലേബലുകളിൽ ഉള്ള രാസകീട- കുമിൾ നാശിനികളും ജൈവകീട- കുമിൾനാശിനികളുമാണ് കർഷകർക്ക് നൽകുന്നത്. രോഗ, കീടബാധവിവരം എന്നിവ കൃഷിഭവനിൽ അറിയിച്ചാൽ പരിശോധിച്ചശേഷം മരുന്നുകൾ സൗജന്യമായി നൽകുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, കൃഷി ഓഫീസർ കെ.ടി. ഫെബിദ എന്നിവർ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത് ഒരുലക്ഷം രൂപ ചെലവഴിച്ചാണ് അഗ്രോഫാർമസിക്ക് തുടക്കം കുറിച്ചത്. നാലുലക്ഷം രൂപ ചെലവഴിച്ച് കൃഷിഭവനും നവീകരിച്ചിട്ടുണ്ട്. നവീകരിച്ച കെട്ടിടത്തിന്റെയും ആഗ്രോഫാർമസിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്് വി ഷംലൂലത്ത് നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യാ ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറത്ത്, എം.ടി റിയാസ്, എം.കെ നദീറ, ഷിഹാബ്, ബാബു, കരീം, ഫാത്തിമ നാസർ, മറിയംകുട്ടിഹസ്സൻ, സിജി, കൃഷി ഓഫീസർ കെ.ടി ഫെബിദ, നശീദ, സഫിയ തുടങ്ങിയവർ സംസാരിച്ചു.







