താമരശ്ശേരി ചുരത്തിൽ ഇന്നലെ നടന്നത് നാല് വാഹനാപകടങ്ങൾ

കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരി ചുരത്തിൽ വ്യത്യസ്ത ഇടങ്ങളിലായി ഇന്നലെ നാല് വാഹനങ്ങൾ അപകടത്തിൽ പെട്ടു.
രാവിലെ 9 മണിയോടെ ചുരം എട്ടാം വളവിന് സമീപം ടിപ്പർ ലോറിയും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച അപകടമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
രാവിലെ 9 മണിയോടെ ചുരം അഞ്ചാം വളവിനും ആറാം വളവിനുമിടയിൽ പിക്കപ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട മതിലിലിടിച്ചു. പിക്കപ് വാനിന്റെ മുൻഭാഗം തകർന്ന് ഉള്ളിൽ കുടുങ്ങിയയാളെ ചുരം സംരക്ഷണ സമിതി പ്രവർത്തകരും യാത്രക്കാരും അടിവാരം പോലീസും ചേർന്ന് പുറത്തെടുത്തു.
വൈകിട്ട് മൂന്നരയോടെ അടിവാരം ഇരുപത്തിയെട്ടാം മൈലിൽ മൈസൂരിൽ നിന്ന് ഫാനുകളുമായി ചുരമിറങ്ങുകയായിരുന്ന ലോറി അപകടത്തിൽപെട്ടു. ലോറി റോഡിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.
രാത്രി പതിനൊന്ന് മണിയോടെ ചുരം അഞ്ചാം വളവിന് സമീപം കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വത്തക്കയുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ കർണാടക സ്വദേശിയായ ഡ്രൈവറെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനാപകടങ്ങളിൽ പെടുന്നവരെ രക്ഷപെടുത്തുന്നതിനും ഇത്തരത്തിൽ ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ നിയന്ത്രിക്കുന്നതിനായും ചുരം സംരക്ഷണ സമിതിയും പോലീസും സദാ ജാഗരൂകരാണ്.






