സൈന്യത്തിനുവേണ്ടി മാധ്യമങ്ങളോട് സംവദിച്ച് കോഴിക്കോട്ടുകാരി

കോഴിക്കോട് : വനിതാദിനത്തിൽ കരസേനയെ പ്രതിനിധാനം ചെയ്ത് മാധ്യമങ്ങളോട് സംവദിക്കാൻ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മേജർ സുചിത്ര ചെല്ലപ്പൻ. വെസ്റ്റ്ഹിൽ അത്താണിക്കൽ സ്വദേശിയായ സുചിത്ര 15 വർഷമായി രാജ്യസേവനത്തിനായി കരസേനയിൽ ചേർന്നിട്ട്. അന്തർദേശീയ വനിതാദിനത്തിൽ ഡൽഹിയിൽ മാധ്യമങ്ങളോട് സംവദിക്കാനായി തിരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ടു മലയാളികളാണുണ്ടായിരുന്നത്. മാവേലിക്കര സ്വദേശി മേജർ അഞ്ജലി പ്രസാദും മാധ്യമങ്ങളോട് സംസാരിച്ചു.
ജീവിതത്തിൽ വെല്ലുവിളികൾ നേരിടാൻ തയ്യാറാണെങ്കിൽ തീർച്ചയായും മടികൂടാതെ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന് സുചിത്ര പറഞ്ഞു. ജീവതത്തിൽ എപ്പോഴും വിജയം മാത്രമല്ല തോൽവികളുമുണ്ടാകും. അതിനെ മറികടന്ന് മുന്നോട്ടുപോകാൻ കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു.
കോഴിക്കോട് ലോ കോളേജിൽനിന്ന് എൽഎൽ.ബി. പാസായ സുചിത്ര കരസേനയിൽ ജാഗ് (ജഡ്ജ് അഡ്വക്കേറ്റ് ജനറൽ) വിഭാഗത്തിലാണ് ജോലിചെയ്യുന്നത്. കോർട്ട് മാർഷൽ ഉൾപ്പെടെയുള്ള കോടതിയുടെ നിയമനടപടികളുടെ ഭാഗമാണ് സുചിത്ര.
പി.എസ്.സി. വഴി റവന്യൂവിഭാഗത്തിൽ ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്നുവെച്ചാണ് സൈന്യത്തിൽ ചേർന്നത്. എയർഫോഴ്‌സിലെ വിങ് കമാൻഡർ ശ്രീകാന്തും മക്കളുമടങ്ങുന്ന കുടുംബം പൂർണപിന്തുണയുമായി ഒപ്പമുണ്ട്. കോഴിക്കോട് സെയിൽസ് ടാക്‌സ് ഓഫീസറായി വിരമിച്ച അത്താണിക്കൽ ‘ശ്രീശോഭത്തിൽ’ ശോഭനയുടെയും ചെല്ലപ്പന്റെയും മകളാണ് സുചിത്ര.







