Mukkam

മുണ്ടുപാറത്തോട്ടിൽ വെള്ളം പതഞ്ഞുപൊങ്ങി; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, മീനുകൾ കൂട്ടത്തോടെ ചത്തു

മുക്കം : ടൈൽസ് സംഭരണശാലയിലെ രാസവസ്തു തള്ളിയതിനെത്തുടർന്ന് മുക്കം നഗരസഭയിലെ കാതിയോട് മുണ്ടുപാറത്തോട്ടിലെ വെള്ളം പതഞ്ഞുപൊങ്ങി. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തോട്ടിലെ മീനുകൾ കൂട്ടത്തോടെ ചത്തു.

ടൈൽസ് സ്ഥാപനത്തിന്റെ സംഭരണശാല കഴിഞ്ഞ ദിവസം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന രാസവസ്തു അതിഥിത്തൊഴിലാളികൾ അബദ്ധത്തിൽ സമീപത്തെ ഓവുചാലിലേക്ക് തള്ളിയത് തോട്ടിലേക്ക് ഒഴുകിയെത്തി. കാതിയോടിൽനിന്നാരംഭിക്കുന്ന തോടിന്റെ രണ്ടുകിലോമീറ്ററോളം ഭാഗത്ത് വെള്ളത്തിൽ പതയുണ്ട്. തോട്ടിൽ കുളിക്കരുതെന്നും സമീപത്തെ കിണറുകളിലെ ജലം താത്കാലികമായി ഉപയോഗിക്കരുതെന്നും നഗരസഭാധികൃതർ നിർദേശം നൽകി. വ്യാഴാഴ്ച പ്രദേശത്ത് കുടിവെള്ളപരിശോധന നടത്തും.

തോടിന് ഇരുവശത്തും കൃഷിഭൂമിയാണ്. രാസവസ്തുവിന്റെ സാന്നിധ്യം കൃഷിയെ ബാധിക്കുമോയെന്ന ആശങ്ക കർഷകർക്കുണ്ട്. തോട്ടിലേക്ക് തള്ളിയത് സോപ്പ് ഓയിലാണെന്നാണ് വ്യാപാരസ്ഥാപന ഉടമയുടെ വിശദീകരണം. സ്ഥാപനത്തിൽനിന്ന് സാംപിൾ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമമുണ്ടെങ്കിൽ വാഹനത്തിൽ വെള്ളമെത്തിച്ചുനൽകുമെന്നും സ്ഥാപനത്തിനെതിരായ നടപടി വ്യാഴാഴ്ച നഗരസഭാ അധികൃതരുമായി ചർച്ചചെയ്തതിനുശേഷം സ്വീകരിക്കുമെന്നും വാർഡ് കൗൺസിലർ അബൂബക്കർ മുണ്ടുപാറ പറഞ്ഞു.

Related Articles

Leave a Reply

Back to top button