തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ; ഭൂമി കൈമാറി സാങ്കേതിക തടസ്സങ്ങൾ നീക്കുന്നു

തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണത്തിന് തടസ്സമായി നിന്ന സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും നിർമ്മാണം ആരംഭിക്കുന്നതിനും ഇന്ന് കളക്ടറേറ്റിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നാളെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് പഞ്ചായത്ത് ഏറ്റെടുത്ത ഭൂമി കെ.എസ്.ആർ.ടി.സിക്ക് കൈമാറുന്നതിന് തീരുമാനം എടുക്കുകയും. അടുത്ത മാസം 5 ാം തിയതിക്കകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാനുമാണ് തീരുമാനം. രജിസ്ട്രേഷൻ ഫീസ് കെ.എസ്.ആർ.ടി.സി വഹിക്കും. 2016-17 വർഷത്തിൽ ജോർജ് എം തോമസ് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നുകോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചെങ്കിലും സ്ഥലം കൈമാറാത്തതിനാൽ നിർമ്മാണം ആരംഭിക്കാനായില്ല. ഈ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, കലക്ടർ ഡോ. തേജ്ലോഹിത് റെഡ്ഡി ഐ.എ.എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.







