മുക്കത്ത് വീട്ടുജോലിക്കു പോകുകയായിരുന്ന സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്ന സംഭവം രണ്ടാം പ്രതി കോടതിയിൽ കീഴടങ്ങി

മുക്കം: മുക്കം മാമ്പറ്റയിൽ വീട്ടുജോലിക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിലെ രണ്ടാം പ്രതി മലപ്പുറം ഇളയൂർ സ്വദേശി മുണ്ടോടൻ അനസ് എന്നറിയപ്പെടുന്ന മുഹമ്മദ് (29) താമരശ്ശേരി കോടതിയിൽ കീഴടങ്ങി.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റ പ്രതീക്ഷ ബസ്സ്റ്റോപ്പിനു സമീപം വെച്ചു വീട്ടുജോലിക്കു പോകുകയായിരുന്ന സ്ത്രീയുടെ മാല ആഡംബര ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് പൊട്ടിച്ചു കടന്നു കളഞ്ഞത്. തുടർന്ന് സ്ത്രീയുടെ പരാതി പ്രകാരം മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും ആഡംബര ബൈക്കായ ഡ്യൂക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ മാസം പതിനഞ്ചിനു ഒന്നാം പ്രതി അരീക്കോട് കാവന്നൂർ സ്വദേശി സന്ദീപിനെ അന്വേഷണം സംഘം കാവന്നൂരിൽ വെച്ചു അതി സാഹസികമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സന്ദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാവന്നൂരിലുള്ള ജൂവലറിയിൽ വിൽപ്പന നടത്തിയ സ്വർണ്ണമാല പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് രണ്ടാം പ്രതി അനസ് എന്നറിയപ്പെടുന്ന മുഹമ്മദിനെ പിടികൂടുന്നതിനായി ഇയാൾ ഒളിവിൽ പോയ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കിയിരുന്നു. പോലീസ് നടപടി ശക്തമായതോടെ ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്ന് പോലീസ് പിടികൂടുമെന്നുറപ്പായപ്പോൾ പ്രതി വ്യാഴാഴ്ച്ച പന്ത്രണ്ടു മണിയോടുകൂടി താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ കീഴടങ്ങുകയായിരുന്നു. കോടതിയിൽ കീഴടങ്ങിയ പ്രതിയെ മുക്കം ഇൻസ്‌പെക്ടർ ബി.കെ സിജുവിന്റെ നിർദേശപ്രകാരം മുക്കം എസ് ഐ ഷാജിദിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
മുക്കം ഇൻസ്‌പെക്ടർ ബി. കെ. സിജുവിന്റെ നിർദേശപ്രകാരം എസ്. ഐ ഷാജിദ്.കെ, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് മണാശ്ശേരി, അഖിലേഷ്, എഎസ്ഐ നാസർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തു അന്വേഷണം നടത്തുന്നത്.







