വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോടഞ്ചേരിയിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

കോടഞ്ചേരി: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 100 മുതൽ 200 വരെ തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച 19 ആദിവാസി സ്ത്രീകളെയും ഖരമാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളിൽ ഏറ്റവും കൂടുതൽ വീടുകൾ കയറി ഖരമാലിന്യ കളക്ഷൻ നടത്തിയ ഒന്നും രണ്ടും ക്ലസ്റ്ററിൽ പെട്ട എട്ട് ഹരിത കർമ്മ സേന അംഗങ്ങളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, തൊഴിലുറപ്പ് അസിസ്റ്റൻറ് എൻജിനീയർ നിർമ്മല ബസേലിയോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ലീലാമ്മ കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.







