റോഡ് നിർമ്മാണ പ്രവൃത്തി അനിശ്ചിതമായി നീളുന്നതിനെ കോടഞ്ചേരിയിൽ എ കെ സി സി പ്രതിഷേധ ധർണ്ണ നടത്തി

കോടഞ്ചേരി: പ്രവർത്തി തുടങ്ങി നാളുകളായിട്ടും ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന കൈതപ്പൊയിൽ – തൊണ്ടിമ്മൽ , കൂടത്തായി – കോടഞ്ചേരി , കോടഞ്ചേരി – തെയ്യപ്പാറ , കോടഞ്ചേരി- ഓമശ്ശേരി എന്നീ റോഡുകൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് (എ കെ സി സി) കോടഞ്ചേരി യൂണിറ്റ് ടൗണിൽ ധർണ്ണ നടത്തി.
വികസനത്തിന്റെ പേര് പറഞ്ഞ് റോഡുകളെല്ലാം പൊളിച്ചിട്ടതു മൂലം പൊതുജനങ്ങൾ ദുരിതത്തിലായിട്ടും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമാകാത്തതിൽ യോഗം പ്രതിഷേധിച്ചു.
പണി തുടങ്ങി മൂന്നു വർഷത്തിൽ അധികം ആയിട്ടും ഏറ്റവും ശോചനീയമായ അവസ്ഥയിൽ ഉള്ളത് കൈതപ്പൊയിൽ – കോടഞ്ചേരി – അഗസ്ത്യൻമുഴി റോഡ് ആണ്.
ഇതിൻ്റെ ടെൻഡർ എടുത്തിരിക്കുന്ന നാഥ് കൺസ്ട്രക്ഷനെ ഫലപ്രദമായി നിയന്ത്രിച്ച് റോഡ് പണി എത്രയും വേഗം പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഗവൺമെൻ്റ് എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ തുടർ പ്രതിഷേധം ഉണ്ടാകും എന്ന് യോഗം മുന്നറിയിപ്പ് നൽകി.
കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റെക്ടർ ഫാ. തോമസ് നാഗപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ഷാജു കരിമഠത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തകൻ റിട്ടയേർഡ് ഡി. ഡി. ഇ, സി.സി. ജേക്കബ് വിഷയത്തെ അധികരിച്ച് സംസാരിച്ചു,
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
വ്യാപാര വ്യവസായി ഏകോപന സമിതിയെ പ്രതിനിധീകരിച്ച് സി. ജെ. ടെന്നീസൺ, കോടഞ്ചേരി ഇടവകയെ പ്രതിനിധീകരിച്ച് സിബി പുളിമൂട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് സെക്രട്ടറി ജോൺ പി.വി, കേരള കാത്തലിക് യൂത്ത് മൂവ്മെൻ്റ് കോടഞ്ചേരി യൂണിറ്റ് സെക്രട്ടറി ജോർജ് അമ്പാട്ട് തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു.







