തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടത് മാർഗതടസം സൃഷ്ടിക്കുന്നതായി പരാതികൾ ഉയരുന്നു.

തിരുവമ്പാടി: തിരുവമ്പാടിയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളായ ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലെ റോഡിൽ വലിയ കോൺക്രീറ്റ് ബീമുകളും പാറക്കഷണങ്ങളും കെട്ടിടാവശിഷ്ടങ്ങളും നിരത്തിയിട്ട് റോഡിന് മാർഗതടസം സൃഷ്ടിക്കുന്നതായി പരാതി. അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡ് നിർമാണത്തിൽ വന്ന അവശിഷ്ടങ്ങൾ നിർദ്ദിഷ്ട കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള റോഡിന്റെ ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്നതാണ് തടസ്സം സൃഷ്ടിക്കുന്നത്.
മലയോര മേഖലയായ ആനക്കാംപൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, മുത്തപ്പൻപുഴ തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ആശ്രയിക്കുന്ന സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൃഷിഭവൻ വരെ നാമമാത്രമായെങ്കിലും ടാർ റോഡ് ഉണ്ടായിരുന്ന ഇവിടം നിർദിഷ്ട കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള 10 മീറ്റർ റോഡിനുവേണ്ടി പൊളിച്ചതുമുതൽ പ്രദേശവാസികൾ ദുരിതത്തിലാണ്.







