Kerala

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെ കടകൾ തുറന്ന് പ്രവർത്തിക്കാം; പകുതി ജീവനക്കാരെ അനുവദിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിൽ നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ച് കേരളം. സംസ്ഥാനത്തെ തീവ്ര ബാധിത പ്രദേശങ്ങളിലൊഴികെ കടകൾ തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചു.

കടകളിൽ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജീവനക്കാർ മാസ്‌ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 15ലെ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ചത്.

അതേസമയം, ജീവിക്കാൻ മറ്റ് വഴികളില്ലെന്നും കേസെടുത്താലും കുഴപ്പമില്ല, സംസ്ഥാനത്ത് മേയ് ഒന്നാം തീയതി മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതൽ കടകൾ വൃത്തിയാക്കി തുടങ്ങും. ഒന്നാം തിയതി മുതൽ കച്ചവടം തുടങ്ങാനാണ് തീരുമാനമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

അതേസമയം കേരളത്തിൽ ഇന്ന് 7 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 7 പേർക്ക് രോഗം ഭേദമായി. കേരളത്തിൽ ഇതുവരെ 457 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേർ ചികിത്സയിലുണ്ട്. കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് പേർക്കും കണ്ണൂർ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിലൊരാൾ ആരോഗ്യപ്രവർത്തകയാണ്.

Related Articles

Leave a Reply

Back to top button