കാട്ടുപന്നി റോഡിനുകുറുകെ ചാടി; സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർഥിക്ക് പരിക്ക്
കോടഞ്ചേരി : സ്കൂട്ടറിൽ സഞ്ചരിക്കവേ, കാട്ടുപന്നി റോഡിന് കുറുകെ ചാടി വിദ്യാർഥിക്ക് പരിക്ക്. പട്ടരാട് പടിഞ്ഞാറേടത്ത് ജോയലിനാണ് പരിക്കേറ്റത്. പന്നി കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് തെറിച്ചുവീഴുകയായിരുന്നു. കോടഞ്ചേരി പട്ടരാട് ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. കൈകാലുകൾക്ക് പരിക്കേറ്റ ജോയൽ ആശുപത്രിയിൽ ചികിത്സ തേടി.
ജോയൽ ഡിഗ്രി വിദ്യാർഥിയാണ്. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് അർഹമായ നഷ്ടപരിഹാരം വനംവകുപ്പ് ഉടൻ ലഭ്യമാക്കണമെന്നും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, പോലീസ് സ്റ്റേഷനുകളിൽ പിടിച്ചു വെച്ചിട്ടുള്ള അംഗീകൃത ഷൂട്ടർമാരുടെ തോക്കുകൾ ഉടനടി തിരികെ നൽകണമെന്നും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ആവശ്യപ്പെട്ടു.
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി മേഖലായോഗം ആവശ്യപ്പെട്ടു. ലൈജു അരീപ്പറമ്പിൽ അധ്യക്ഷനായി.