കോഴിക്കോട് ജില്ലയിലെ എല്ലാ ഫിഷിംഗ് ഹാർബറുകളും നിയന്ത്രിത മേഖലകൾ

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല തുടങ്ങിയ നാല് ഫിഷിംഗ് ഹാർബറുകളിലും ഫിഷ് ലാൻറിംഗ് സെന്ററുകളിലും ഞായറാഴ്ചകളിൽ വളരെയധികം ആളുകൾ കൂട്ടംകൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് കോവിഡ് 19 വൈറസ് വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ച സാഹചര്യത്തിൽ 2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ 4 പ്രകാരം പകർച്ചവ്യാധി പടരുന്നത് തടയാനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി RIond 2005 ദുരന്തനിവാരണനിയമം സെക്ഷൻ 34 (a,b) പ്രകാരം കോഴിക്കോട് ജില്ലയിലെ എല്ലാ ഫിഷിംഗ് ഹാർബറുകളും നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു.
ഫിഷിംഗ് ഹാർബറുകളിൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഹാർബർ മാനേജ്മെൻറ് കമ്മിറ്റി നൽകുന്ന പാസ്, ബാഡ്ജ്, ഐ ഡി കാർഡ് എന്നിവ ഉള്ള മത്സ്യത്തൊഴിലാളികൾക്കും മൊത്തവ്യാപാരികൾക്കും ചെറുകിട വ്യാപാരികൾക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
ഹാർബറിന് അകത്ത് ഒരു മീറ്റർ സാമൂഹിക അകലം പാലിച്ചു മാത്രമേ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ. ഈ നിയന്ത്രണങ്ങൾക്കുവേണ്ടി പോലീസ് സോണുകളായി തിരിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കും.
ഹാർബർ മാനേജ്മെൻറ് കമ്മിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തിലൂടെ വേണം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ. ജില്ലാ കളക്ടറുടെ പ്രതിനിധിയായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നടപടികൾ ഏകോപിപ്പിക്കും.
ഹാർബറുകളും ഫിഷ് ലാൻറിംഗ് സെൻററുകളും ഞായറാഴ്ചകളിൽ പൂർണമായും അടച്ചിടേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.







