വീടോ വൈദ്യുതിയോ ഇല്ലാതെങ്ങനെ? ശ്രീകാന്തും കുടുംബവും ചോദിക്കുന്നു വീടോ വൈദ്യുതിയോ ഇല്ലാതെങ്ങനെ? ശ്രീകാന്തും കുടുംബവും ചോദിക്കുന്നു

മുക്കം ∙ സുരക്ഷിതമായ വീടോ വൈദ്യുതിയോ ഇല്ല. വൈദ്യുതി ഇല്ലാത്തതിനാൽ ടിവിയുമില്ല. ഓൺലൈൻ പഠനം തുടങ്ങിയതോടെ സങ്കടവും ആധിയും വർധിച്ചിരിക്കുകയാണ് 2 കുട്ടികളുള്ള 5 അംഗം കുടുംബത്തിന്. ടാർപോളിൻ കൊണ്ട് മറച്ചുണ്ടാക്കിയ ഒറ്റമുറിയുള്ള കൂരയിലാണ് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ട് എടപ്പറ്റ ശ്രീകാന്തും കുടുംബവും.
കാർപെന്ററായ ശ്രീകാന്ത് രാവിലെ പണിക്ക് പോകും. അതിനാൽ അച്ഛന്റെ മൊബൈലിലും പഠിക്കാൻ പറ്റില്ല. കിടപ്പു മുറിയും അടുക്കളയും പഠന മുറിയുമെല്ലാം ഒന്ന് തന്നെ. ശ്രീകാന്തിന്റെ മൂത്ത മകൾ സ്നിഗ്ധ പിടിഎം ഹയർ സെക്കൻഡറിയിലെ 8ാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ ശ്രീരുദ്ധു 2ാം ക്ലാസിലും. 15 വർഷത്തിലേറെയായി ശ്രീകാന്തും ഭാര്യ ശബ്നയും 2 മക്കളും ശ്രീകാന്തിന്റെ മാതാവും ഈ കൂരക്കുള്ളിൽ തന്നെയാണ്.
സുരക്ഷയുള്ള വീടിനായി മുട്ടാത്ത വാതിലുകളില്ല.കൊടിയത്തൂർ പഞ്ചായത്തിനെയും സമീപിച്ചു.സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഭവന പദ്ധതികളിൽ ഉൾപ്പെട്ടില്ല.
മാതാവിന്റെ കുടുംബ സ്വത്തായ സ്ഥലത്താണ് ടാർപോളിൻ മറച്ചുണ്ടാക്കിയ കൂര.വൈദ്യുതിയില്ലാത്തതിനാൽ മെഴുക് തിരി വെട്ടത്തിലായിരുന്നു ഇതുവരെ പഠനം. അധികൃതരുടെ കനിവിനായി കാത്തുകഴിയുകയാണ് ഈ കുടുംബം.
NEWS FROM MANORAMA







