Kodanchery

കോടഞ്ചേരിയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന
ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10:30ന്
ബസ്റ്റാന്റ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് നിർവഹിച്ചു.

കോടഞ്ചേരിയിലെ യുവ കർഷകർ ജൈവരീതിയിൽ ഉല്പാദിപ്പിച്ച നിരവധി ഔഷധഗുണങ്ങളുള്ള രക്തശാലി നെല്ല്, നവര നെല്ല്, ഔഷധി കൂൺ, സുഭിക്ഷ കേരളം പദ്ധതിയിൽ ഉൽപാദിപ്പിച്ച മത്സ്യങ്ങൾ എന്നിവയുടെ വില്പന, സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യകൃഷി സബ്സിഡിക്കുള്ള അപേക്ഷാ ഹെൽപ് ഡെസ്ക്, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഭാഗമായുള്ള സൗജന്യ പച്ചക്കറി കിറ്റ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൂടാതെ കർഷകരുടെ നാടൻ ഉൽപന്നങ്ങളായ നാടൻ തേൻ, തേനീച്ചപ്പെട്ടി, പച്ചമാങ്ങ എന്നിവ മിതമായ നിരക്കിൽ ചന്തയിൽ വിൽപ്പനയ്ക്കുണ്ട്. വിപണിയിൽ 250 രൂപ വില വരുന്ന ഊദ് തൈ 80 രൂപയ്ക്കും, പരിപാടിയുടെ ഭാഗമായ തിരുവമ്പാടി കൃഷി അഗ്രോ സർവീസ് സെന്റർ സ്റ്റാളിൽ ജൈവ കീടനാശിനികൾ, ജൈവ വളക്കൂട്ട്, ജൈവ വളർച്ചാകൂട്ട്, ഗ്രോബാഗിൽ പാകിയ കുറ്റ്യാടിതെങ്ങിൻ തൈകൾ, കാസർഗോടൻ മോഹിത് നഗർ, ഇന്റർസെ മംഗള, രത്നഗിരി തുടങ്ങിയ കവുങ്ങിൻ തൈകൾ, റംബൂട്ടാൻ, പ്ലാവ്, മാവ് തുടങ്ങിയ ബഡ് തൈകളും വില്പനയ്ക്കുണ്ട്.

കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യക്കാർക്ക് തൈകൾ വാങ്ങാവുന്നതാണെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫീസർ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button