Kozhikode
പാചക വാതക വിലവർധന:സിലിണ്ടറുമായി വിലാപയാത്ര

കോഴിക്കോട് ∙ പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ പ്രതിഷേധിച്ചു സിലിണ്ടറിന്റെ ശവമഞ്ചവുമായി വിലാപയാത്രയും പൊതുദർശനവും നടത്തി. കേരള ആർട്ടിസാൻസ് യൂണിയൻ(സിഐടിയു) ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു നരേന്ദ്ര മോദി സർക്കാരിനെതിരെ പുതുമയുള്ള പ്രതിഷേധം നടത്തിയത്.
ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡിൽ നിന്നു വിലാപ യാത്ര ആരംഭിച്ചു. മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന വണ്ടിയിൽ സിലിണ്ടർ വച്ചു തള്ളിക്കൊണ്ടു പോയാണു പ്രതിഷേധയാത്ര നടത്തിയത്. ബാങ്ക് റോഡ്, മാവൂർ റോഡ് വഴി പുതിയ സ്റ്റാൻഡ് പരിസരത്തെത്തി. ജില്ലാ കമ്മിറ്റി അംഗം എൻ.പി.സുനീന്ദ്രൻ ആദ്യ റീത്ത് സമർപ്പിച്ചു.തുടർന്നു വിവിധ മേഖലാ കമ്മിറ്റികൾക്കു വേണ്ടി ഇ.അസീസ്, ഇ.മോഹനൻ, എം.തുളസി, പി.എം.ഉഷ തുടങ്ങിയവരും റീത്ത് സമർപ്പിച്ചു.







