കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ രാജസ്ഥാൻ സ്വദേശിയിൽ നിന്ന് നാല് കിലോയിലധികം സ്വർണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിൻ നമ്പർ 06345 നേത്രാവതി എക്സ്പ്രസ്സിൽ നിന്നാണ് ആർ.പി.എഫിന്റെ പ്രത്യേക സംഘം സ്വർണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശിയായ രമേശ് സിങ് രജാവത്തിനെ(28) ആർ.പി.എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത സ്വർണത്തിന് പകുതിക്ക് രേഖകൾ കാണിച്ചെങ്കിലും അത് ശരിയായ രേഖകളെല്ലെന്നും മുഴുവനും അനധികൃത സ്വർണം തന്നെയാണെന്നുമാണ് വിലയിരുത്തൽ. മുംബൈയിൽ നിന്നും കോഴിക്കോട്ടെ വ്യാപാരികൾക്ക് എത്തിച്ച് കൊടുക്കാനായിരുന്നു സ്വർണമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 2 കോടി 20 ലക്ഷത്തോളം വില വരും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഡിവിഷൺ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ജെതിൻ രാജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി പരിശോധനയ്ക്കായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടായിരുന്നു. ഈ സംഘമാണ് സ്വർണം പിടികൂടിയത്. സംഘത്തിൽ എ.എസ്.ഐ കെ.സജു, കോൺസ്റ്റബിൾമാരായ അബ്ദുൾ സത്താർ, അജീഷ് ഒ.കെ, രാമകൃഷ്ണൻ, ഷെറി പി.കെ എന്നിവരുമുണ്ടായിരുന്നു.







