വാട്ടർ അതോറിറ്റിയുടെ പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തത് റോഡുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു

മുക്കം : വാട്ടർ അതോറിറ്റിയുടെ പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തത് കോടികൾ ചെലവഴിച്ച് നിർമിക്കുന്ന റോഡുകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. ഏഴുകോടി രൂപ ചെലവിൽ നവീകരിക്കുന്ന മുക്കം നഗരത്തിലെ റോഡുകളും നാലുകോടി രൂപ ചെലവിൽ പ്രവൃത്തി പുരോഗമിക്കുന്ന മാമ്പറ്റ-വട്ടോളിപ്പറമ്പ് റോഡുമാണ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് സുരക്ഷാ ഭീഷണി നേരിടുന്നത്.
റോഡ് ടാർ ചെയ്യുന്നതിനുമുമ്പ് പഴകിയ പൈപ്പുകൾ മാറ്റിയില്ലെങ്കിൽ, കോടികൾ മുടക്കി നവീകരിക്കുന്ന റോഡുകൾ പ്രവൃത്തിക്കുശേഷം കുത്തിപ്പൊളിക്കേണ്ടി വരും. പൈപ്പ് പൊട്ടി വെള്ളം ചോർന്നാൽ റോഡിന്റെ സുരക്ഷയെ സാരമായി ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. വലിയ ഭാരമുള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് റോഡുകളുടെ നിർമാണപ്രവൃത്തി നടക്കുക. ഈ സമയം റോഡിനടിയിലെ പഴക്കമുള്ള പൈപ്പുകൾ പൊട്ടാനുള്ള സാധ്യതയും ഏറെയാണ്. ടാറിങ് പ്രവൃത്തി പൂർത്തീകരിച്ചതിനുശേഷമായിരിക്കും ഇത്തരത്തിൽ പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപ്പെടുക. ഈ പൈപ്പ് മാറ്റിസ്ഥാപിക്കാൻ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ചെയ്ത ടാറിങ് കുത്തിപ്പൊളിക്കേണ്ടിയും വരും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും സാധിക്കില്ല.
ജലഅതോറിറ്റിക്ക് കത്തയച്ചു
ഈ റോഡുകൾക്ക് അടിയിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പഴകിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നു കാണിച്ച് പി.ഡബ്ല്യു.ഡി. അധികൃതർ കഴിഞ്ഞ ഫെബ്രുവരിയിൽ വാട്ടർ അതോറിറ്റി അധികൃതർക്ക് കത്ത് നൽകിയിരുന്നു. ആറുമാസം കഴിഞ്ഞിട്ടും തുടർനടപടിയുണ്ടായില്ല. തുടർന്ന്, കഴിഞ്ഞദിവസം വീണ്ടും കത്തയച്ചതായി പി.ഡബ്ല്യു.ഡി. അധികൃതർ പറയുന്നു. മുക്കം നഗര സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ടാണ് ആലിൻ ചുവട്-അഭിലാഷ് ജങ്ഷൻ റോഡും ആലിൻ ചുവട് – പി.സി. ജങ്ഷൻ റോഡും നവീകരിക്കുന്നത്. ഇതിൽ, പി.സി. ജങ്ഷൻ റോഡിൽ മിഠായിത്തെരുവ് മാതൃകയിൽ കല്ല് വിരിക്കാനാണ് ഉദ്ദേശിക്കുന്നത്. പൈപ്പുകൾ പൊട്ടിയാൽ കല്ലുകൾ ഇളക്കിമാറ്റേണ്ടി വരും. കണക്ഷൻ ലൈനുകൾ ഉൾപ്പെടെ തുരുമ്പുപിടിച്ച് ദ്രവിച്ച നിലയിലാണ്. ഇവിടെ നിർമാണപ്രവൃത്തിക്കിടെ പൈപ്പുകൾ പൊട്ടുന്നതും വെള്ളം പാഴാകുന്നതും നിത്യസംഭവമാണെന്നും വ്യാപാരികൾ പറയുന്നു.
ഏഴുകോടി രൂപ ചെലവിൽ നവീകരിക്കുന്ന മാമ്പറ്റ-വട്ടോളിപ്പറമ്പ് റോഡിൽ നിർമാണപ്രവൃത്തിക്കിടെ പഴകിയ പൈപ്പ് പൊട്ടി, വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ ചോർച്ച അടച്ചിട്ടില്ല.
സർക്കുലർ നടപ്പാക്കാൻ പി.ഡബ്ല്യു.ഡി.
നവീകരണത്തിനുശേഷം അഞ്ചുവർഷത്തേക്ക് റോഡ് കുത്തിപ്പൊളിക്കുന്നത് തടയുന്നതിന് പി.ഡബ്ല്യു.ഡി. സർക്കുലർ ഇറക്കിയിട്ടുണ്ട്. നവീകരണത്തിന് പിന്നാലെ റോഡ് കുത്തിപ്പൊളിക്കുന്നതും ഇത്തരത്തിലുള്ള കുഴികളിൽപ്പെട്ടുണ്ടാകുന്ന അപകടത്തിന് പി.ഡബ്ല്യു.ഡി. സമാധാനം പറയേണ്ട സാഹചര്യം ഒഴുവാക്കുന്നതിനുമാണ് പുതിയ തീരുമാനം.
ഉയർന്നപ്രദേശങ്ങളിൽ കുടിവെള്ളമില്ല
റോഡ് നവീകരണപ്രവൃത്തിക്കിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായതോടെ ഉയർന്നപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കുടിവെള്ളമില്ലെന്നു പരാതി. പൈപ്പ് പൊട്ടുന്നതോടെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തികുറയുന്നതാണ് കാരണം. ചോർച്ച അടയ്ക്കുന്നതിലെ കാലതാമസം ഇവർക്ക് ഇരട്ടി ദുരിതമാണ് സമ്മാനിക്കുന്നത്.







