Kozhikode

ജില്ലയിൽ നൂറിലേറെ പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ

കോഴിക്കോട്: ജില്ലയിൽ ഇന്നു മുതൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ. തൊണ്ണൂറോളം സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 10 സ്വകാര്യ ആശുപത്രികളിലും പുതുതായി ഇന്നുമുതൽ വാക്സീൻ നൽകിത്തുടങ്ങും. 60 വയസ്സ് പിന്നിട്ടവർക്കും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും ഇവിടെ വാക്സീൻ നൽകും. സർക്കാർ സ്ഥാപനങ്ങളിൽ നിന്നു സൗജന്യമായും സ്വകാര്യ ആശുപത്രികളിൽ ഫീസ് കൊടുത്തും വാക്സീൻ സ്വീകരിക്കാം. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇതിനായി ഉപയോഗിക്കും.

എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിനു വാക്സീൻ എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 60 വയസ്സ് പിന്നിട്ടവർക്കു കോവിൻ പോർട്ടലിലോ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടു ചെന്നോ റജിസ്ട്രേഷൻ നടത്താം. തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ടഗോർ സെന്റിനറി ഹാളിൽ നടത്തിയ മെഗാ വാക്സിനേഷൻ ക്യാംപ് സമാപിച്ചു. ഇന്നലെ 1008 പേരാണ് ക്യാംപിൽ നിന്നു വാക്സീൻ സ്വീകരിച്ചത്.

രണ്ടാമത്തെ ഡോസ് വാക്സിനേഷൻ ലഭിച്ചില്ലെന്നു പരാതി

ആദ്യഘട്ടത്തിൽ കോവിഡ് വാക്സീൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർക്കു രണ്ടാം ഡോസ് വാക്സീ‍ൻ കൃത്യസമയത്തു ലഭിക്കുന്നില്ലെന്നു പരാതി. 28 ദിവസം കഴിഞ്ഞു രണ്ടാം ഘട്ട വാക്സീൻ സ്വീകരിക്കണമെന്നിരിക്കെ 33 ദിവസമായിട്ടും വാക്സീനെടുക്കാൻ അറിയിപ്പു ലഭിക്കാത്തവരുമുണ്ട്. കുത്തിവയ്പ് നീണ്ടുപോകുന്നതു കാരണം വാക്സീൻ ഫലപ്രദമാകുമോ എന്ന സംശയത്തിലാണ് ആരോഗ്യപ്രവർത്തകർ. രണ്ടാംഘട്ട വാക്സീൻ കൂടി സ്വീകരിച്ചാലേ പൂർണ ഫലപ്രാപ്തി ലഭിക്കുകയുള്ളൂ എന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.

തിരഞ്ഞെടുപ്പു ജോലികളുമായി ബന്ധപ്പെട്ടവർക്കു വാക്സീൻ നൽകുന്ന തിരക്കുള്ളതിനാലാണ് ആരോഗ്യപ്രവർത്തകരുടെ രണ്ടാംഘട്ട വാക്സീൻ നീളുന്നതെന്നാണു സൂചന. കോവിഷീൽഡ് വാക്സീനാണ് ആരോഗ്യപ്രവർത്തകർക്ക് ആദ്യഘട്ടത്തിൽ നൽകിയിരുന്നത്. അതേസമയം കോവിൻ പോർട്ടലിലെ തകരാർ കാരണമാണ് രണ്ടാം ഘട്ട വാക്സിനേഷനുള്ള സന്ദേശങ്ങൾ കൃത്യമായി എത്താത്തതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ആദ്യ വാക്സീ‍ൻ എടുത്ത് 28 ദിവസം കഴിഞ്ഞവർക്ക് സന്ദേശം ലഭിച്ചില്ലെങ്കിലും അടുത്തുള്ള സർക്കാർ വാക്സിനേഷൻ കേന്ദ്രത്തിലെത്തി രണ്ടാം ഘട്ട വാക്സീൻ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button