ഓവുചാൽ നിർമിച്ച് മണിക്കൂറുകൾക്കകം സമൂഹവിരുദ്ധർ നശിപ്പിച്ചു

മുക്കം : മുക്കം നഗരസഭാ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡരികിൽ നിർമിച്ച ഓവുചാൽ സമൂഹവിരുദ്ധർ നശിപ്പിച്ചു. പി.സി. ജങ്ഷനിൽ ഇന്നലെ വൈകീട്ടോടെ കോൺക്രീറ്റ് ചെയ്ത് നിർമിച്ച ഓവുചാലും ഡക്ടുമാണ് മണിക്കൂറുകൾക്കകം സമൂഹവിരുദ്ധർ കുത്തിപ്പൊളിച്ചത്. രാത്രിയായിരുന്നു സംഭവം.
വ്യാഴാഴ്ച രാവിലെ തുടർപ്രവൃത്തികൾക്കായി തൊഴിലാളികൾ എത്തിയപ്പോഴാണ് പത്തുമീറ്ററോളം നീളത്തിൽ കോൺക്രീറ്റ് കുത്തിപ്പൊളിച്ചതായി കണ്ടെത്തിയത്. തുടർന്ന്, കരാറുകാരെയും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. പി.ഡബ്ല്യു.ഡി. അസി. എൻജിനിയർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. പൊതുപ്രവൃത്തി തടസ്സപ്പെടുത്തിയതിന് കുറ്റക്കാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി. അധികൃതർ മുക്കം പോലീസിൽ പരാതി നൽകി.
സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഓവുചാൽ കുത്തിപ്പൊളിക്കുന്ന ദൃശ്യം വ്യക്തമാണ്. 2019-20-ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഏഴരക്കോടി രൂപ ചെലവിലാണ് മുക്കം നഗരസൗന്ദര്യവത്കരണം നടപ്പാക്കുന്നത്. അഭിലാഷ് ജങ്ഷൻമുതൽ മുക്കം പാലംവരെയുള്ള 600 മീറ്റർ ദൂരം നാലുവരിപ്പാതയാക്കുകയും ടൈൽ വിരിച്ച നടപ്പാതയും തെരുവുവിളക്കുകളും ഒരുക്കുകയും ചെയ്യും.
അഭിലാഷ് ജങ്ഷൻമുതൽ ആലിൻചുവടുവരെ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡും ആലിൻചുവട് മുതൽ പി.സി. ജങ്ഷൻ വരെ ഇൻറർലോക്ക് വിരിച്ച പാതയുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എം.കെ. ഗ്രൂപ്പിനാണ് നിർമാണച്ചുമതല.
നഗരസഭാ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡരികിൽ നിർമിച്ച ഓവുചാൽ സമൂഹവിരുദ്ധർ നശിപ്പിച്ച സംഭവത്തെത്തുടർന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബുവിന്റെ നേതൃത്വത്തിള്ള സംഘം സ്ഥലം സന്ദർശിച്ചു. കൗൺസിലർ സത്യനാരായണൻ, നഗരസഭാ സെക്രട്ടറി എ. ഹരീഷ് എന്നിവരും ചെയർമാനൊപ്പമുണ്ടായിരുന്നു. നഗരസൗന്ദര്യവത്കരണം സ്വപ്നപദ്ധതിയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെടുമെന്നും പി.ടി. ബാബു പറഞ്ഞു







