Mukkam

മണാശ്ശേരിയിൽ കത്തുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി

മുക്കം: മുക്കം പോസ്റ്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മണാശ്ശേരി സബ്ബ് പോസ്റ്റ് ഓഫീസ് പരിധിയിലെ വീടുകളിൽ കത്തുകളും മറ്റും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. മുക്കം നഗരസഭയിലെ നെടുമങ്ങാട്, ചെരിക്കലോട് ഭാഗങ്ങളിലെ ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ചില കത്തുകൾ കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നും ചിലത് തീരെ ലഭിക്കുന്നില്ലെന്നുമാണ് ഉപഭോക്താക്കളുടെ പരാതി. കത്ത് അന്വേഷിച്ച് പോസ്റ്റ് ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.

കയ്യേരിക്കൽ, തൂങ്ങുംപുറം, വട്ടോളിപറമ്പ്, നെടുമങ്ങാട്, പുൽപ്പറമ്പ്, പൊറ്റശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപിച്ചു കിടക്കുന്ന പോസ്റ്റ് ഓഫീസ് പരിധിയിൽ രണ്ട് പോസ്റ്റുമാൻമാർ മാത്രമാണുള്ളത്. കെ.എം.സി.ടിയുടെ വിവിധ സ്ഥാപനങ്ങൾ, എം.എ.എം.ഒ കോളേജ് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നൂറുകണക്കിന് വീടുകളും പോസ്റ്റ് ഓഫീസ് പരിധിയിലുണ്ട്. ശരാശരി നാന്നൂറോളം കത്തുകളാണ് ഒരു ദിവസം പോസ്റ്റോഫീസിൽ വിതരണം ചെയ്യുന്നത്.

തുച്ഛമായ വേതനത്തിന് ജോലിക്കെത്തുന്ന താത്കാലിക പോസ്റ്റ്മാൻമാർ ദിവസങ്ങൾക്കകം ജോലി മടുത്ത് ഉപേക്ഷിച്ച് പോവുകയാണെന്ന് പോസ്റ്റ് ഓഫീസ് അധികൃതർ പറയുന്നു. കൂടുതൽ പോസ്റ്റുമാൻമാരെ നിയമിച്ച് കത്ത് വിതരണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം ലഭിക്കുന്ന കത്തുകൾ കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നും പരാതികൾ ശ്രദ്ധയിൽപ്പെട്ടിണ്ടെന്നും പോസ്റ്റ് മാസ്റ്റർ അറിയിച്ചു.

Related Articles

Leave a Reply

Back to top button