അമ്മയുടെ അക്കൗണ്ടിൽനിന്ന് ഗെയിം കളിക്കാനെടുത്തത് ഒരു ലക്ഷം രൂപ

കോഴിക്കോട് : അമ്മയറിയാതെ അക്കൗണ്ടിൽനിന്ന് പണമെടുത്ത് ഓൺലൈൻ ഗെയിം കളിച്ച രണ്ടുകുട്ടികളെ സൈബർ പോലീസിന്റെ അന്വേഷണത്തിലൂടെ കണ്ടുപിടിച്ചു.
ഒമ്പതിലും പത്തിലും പഠിക്കുന്ന സഹോദരങ്ങളാണ് പണമുപയോഗിച്ച് പബ്ജി ഗെയിം കളിച്ചത്. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് അമ്മ സൈബർ പോലീസിൽ പരാതിനൽകുകയായിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിൽ വിദ്യാർഥികളുടെ മൊബൈൽ പരിശോധിക്കുകയായിരുന്നു.
ഒരു ലക്ഷത്തിലധികം രൂപയുപയോഗിച്ചാണ് കുട്ടികൾ ഗെയിം കളിച്ചതെന്ന് പോലീസ് മനസ്സിലാക്കി. സംഭവം നടന്നത് ഒരു വർഷം മുന്പേയാണെങ്കിലും അമ്മയുടെ പരാതിയിൽ സൈബർ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇത്തരത്തിലുള്ള ഒട്ടേറെ കേസുകൾ സൈബർ പോലീസിന്റെ മുന്നിലെത്തുന്നുണ്ട്. ചെറിയ കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കാത്തതാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാൻ കാരണമാകുന്നതെന്നും സൈബർ പോലീസ് പറഞ്ഞു.







