Kerala

കുതിച്ചുയരുന്ന സവാള വില പിടിച്ചു കെട്ടി സംസ്ഥാന സര്‍ക്കാര്‍; നവംബര്‍ ഒന്ന് മുതല്‍ 45 രൂപയ്ക്ക് സവാള നല്‍കും

തിരുവനന്തപുരം: കുതിച്ചുയരുന്ന സവാള വില പിടിച്ചു കെട്ടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ കിലോ 45 രൂപയ്ക്ക് സവാള വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു. 1800 ഔട്ട്‌ലറ്റുകള്‍ വഴി വില്‍പ്പന ആരംഭിക്കും. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സവാള വില നൂറിന് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

ഫേസ്ബുക്ക് പോസ്റ്റ്:

നവംബര്‍ 1 മുതല്‍ സിവില്‍ സപ്ലൈസ് (1000), കണ്‍സ്യൂമര്‍ഫെഡ് (300), ഹോര്‍ട്ടികോര്‍പ്പ് (500) എന്നിങ്ങനെ 1800 ഔട്ട്‌ലറ്റുകളില്‍ 45 രൂപയ്ക്ക് സവാള വില്‍പ്പന ആരംഭിക്കും. നാഫെഡില്‍ നിന്നാണ് സവാള സംഭരിക്കുന്നത്. ഇപ്പോള്‍ 1800 ടണ്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഇത് വില്‍ക്കുന്നതിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഓര്‍ഡര്‍ നാഫെഡിനു നല്‍കുന്നതാണ്.

നാഫെഡില്‍ നിന്നും 35 രൂപയ്ക്കാണ് സവാള വാങ്ങുന്നത്. കടത്തുകൂലിയും തരംതിരിക്കലുമെല്ലാം കഴിയുമ്പോള്‍ 45 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയും. ഗോഡൗണ്‍ പടി സ്‌കീം അനുസരിച്ച് തരംതിരിക്കാത്ത സവാള 25 രൂപയ്ക്കും ലഭ്യമാണെന്നു കേള്‍ക്കുന്നു. എന്നുവച്ചാല്‍ നാഫെഡ് കൃഷിക്കാരില്‍ നിന്നും 15-20 രൂപയ്ക്ക് സംഭരിച്ച സവാള സംഭരിച്ചിരിക്കണം. ഇന്ത്യയിലെ മൊത്തക്കച്ചവടക്കാര്‍ക്ക് ഇതിലും താഴ്ന്ന വിലയ്ക്കാണല്ലോ വാങ്ങിയിരിക്കുക. അങ്ങനെ കൃഷിക്കാരനില്‍ നിന്ന് ഏതാണ്ട് 15 രൂപയ്ക്കു ലഭിച്ച സവാളയാണ് 80 മുതല്‍ 110 രൂപ വരെ വില നല്‍കേണ്ടി വരുന്നത്. എന്താണ് കൊള്ളലാഭം!
ഇങ്ങനെ കൊള്ളലാഭം അടിക്കുന്നതിന് ഇന്നുള്ള ഏകതട നാഫെഡ്ഡാണ്. അവര്‍ മാണ്ഡികളില്‍ നിന്നും നേരിട്ടു സംഭരിക്കുന്നു. പുതിയ കാര്‍ഷിക പരിഷ്‌കാരം മാണ്ഡികളെ ഇല്ലാതാക്കാന്‍ പോവുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇനിമേല്‍ മാണ്ഡികളില്‍ കൊണ്ടുവരേണ്ടതില്ല. എവിടെവച്ചുവേണമെങ്കിലും കച്ചവടക്കാര്‍ക്കു വാങ്ങാം. ഇതിനെയാണ് ചില ബിജെപി സുഹൃത്തുക്കള്‍ ഇടത്തട്ടുകാരെ ഇല്ലാതാക്കി നേരിട്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവസരമുണ്ടാക്കുന്നതായി വാദിക്കുന്നത്. കേരള സര്‍ക്കാര്‍ നാഫെഡ്ഡില്‍ നിന്നും വാങ്ങുന്നത് ഈ പുതിയ നയത്തിന്റെ വലിയ വിജയമായിട്ടാണ് അവര്‍ ആഘോഷിക്കുന്നത്. ഇതില്‍പ്പരം പമ്പരവിഡ്ഢിത്തം ഉണ്ടോ? ഈ പുതിയ നയം മാണ്ഡികളെ മാത്രമല്ല, നാഫെഡ്ഡിനെയും ഇല്ലാതാക്കാന്‍ പോവുകയാണ്.

സത്യം പറഞ്ഞാല്‍, കൊട്ടിഘോഷിച്ച പരിഷ്‌കാരങ്ങളില്‍ നിന്നും മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഒരുകാല്‍ പുറകോട്ടു വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഉള്ളിവില നിയന്ത്രണമില്ലാതെ ഉയരുന്നതുകണ്ട് പരിഭ്രാന്തരായി ഉള്ളി കയറ്റുമതി നിരോധിച്ചു. ഒരു കച്ചവടക്കാരന് കൈയ്യില്‍ കരുതാവുന്നതിന് പരിധിയും നിശ്ചയിച്ചു. അവശ്യസാധന നിയമം അടക്കാന്‍ റദ്ദാക്കുന്നതോടെ കൃഷിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഉണ്ടാകാന്‍ പോകുന്ന വലിയ തിരിച്ചടിയുടെ നാന്ദിയാണ് ഈ ഉള്ളി വിലക്കയറ്റം.

ഈ പശ്ചാത്തലത്തിലാണ് കേരള മുഖ്യമന്ത്രി മഹാരാഷ്ട്ര, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പച്ചക്കറികളായ തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയാണ്. ഇവയെയാണ് TOP (ടൊമാറ്റൊ, ഒനിയന്‍, പൊട്ടറ്റോ) എന്ന് അറിയപ്പെടുന്നത്. ഇവ സംസ്ഥാന സര്‍ക്കാരുകളുടെ ഏജന്‍സികള്‍ നേരിട്ട് സംഭരിക്കുകയാണെങ്കില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ കേന്ദ്ര കൃഷി വകുപ്പ് നല്‍കുന്നുണ്ട്. ഈ സ്‌കീമില്‍ നേരിട്ട് തക്കാളി, സവാള, ഉരുളക്കിഴങ്ങ് സംഭരിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഉള്ളിയും മറ്റും ഇങ്ങനെ ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കാരില്‍ നിന്നും നേരിട്ടു സംഭരിക്കുമെന്നു നടത്തിയ പ്രസ്താവന കുറച്ചു പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഇത് കേരളം നടപ്പാക്കാന്‍ പോവുകയാണ്.

Related Articles

Leave a Reply

Back to top button