സഹായവുമായി സഹകരണ ബാങ്കുകൾ

കാരശ്ശേരി : കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കാൻ നടത്തുന്ന അധികൃതരുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകി സഹകരണ ബാങ്കുകളും.കാരശ്ശേരി സഹകരണബാങ്ക് വാങ്ങിയ കാർ പഞ്ചായത്തിന് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സൗജന്യമായി നൽകി.
വാഹനങ്ങളുടെ ദൗർലഭ്യം നേരിടുന്ന പഞ്ചായത്തിൽ ബാങ്കിന്റെ പിന്തുണ വലിയ ആശ്വാസമാണ്. തിങ്കളാഴ്ച കാർ പഞ്ചായത്തിനെ ഏൽപ്പിക്കുമെന്ന് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ പറഞ്ഞു. ഡ്രൈവറുടെ ശമ്പളവും ബാങ്കാണ് വഹിക്കുന്നത്. കൊടിയത്തൂർ സഹകരണബാങ്ക് സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചാണ് നാടിന് കൈത്താങ്ങായത്. കൊടിയത്തൂരിലേയും പരിസരങ്ങളിലേയും, രോഗികൾക്കും ആരോഗ്യരംഗത്തെ പ്രവർത്തകർക്കും സഹായത്തിനായാണ് ആംബുലൻസ് സേവനമേർപ്പെടുത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കാൻ ബാങ്കിന്റെ സേവനം ഉപകരിക്കും. പ്രസിഡൻറ് വി. വസീഫ് ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ, ഡയറക്ടർ എ.സി. നിസാർബാബു, സെക്രട്ടറി കെ. ബാബുരാജ് സി. ഹരീഷ്, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.







