Mukkam

വികസനമുന്നേറ്റജാഥയ്ക്ക് ജില്ലയിൽ ഉജ്ജ്വലസ്വീകരണം

മുക്കം : സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫിന്റെ വടക്കൻമേഖലാ വികസനമുന്നേറ്റജാഥയ്ക്ക് ജില്ലാ അതിർത്തിയായ അടിവാരത്ത് ഉജ്ജ്വലസ്വീകരണം. വയനാട് ജില്ലയിലെ പര്യടനത്തിനുശേഷം അടിവാരത്തെത്തിയ ജാഥയെ എൽ.ഡി.എഫ്. നേതാക്കൾചേർന്ന് സ്വീകരിച്ചു. ബാൻഡ് മേളത്തിന്റെ വാദ്യഘോഷവും വിപ്ലവഗീതങ്ങളുംകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ മുദ്രാവാക്യംമുഴക്കി പ്രവർത്തകർ യാത്രാംഗങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു.

മുത്തുക്കുടചൂടിയും വിവിധ പാർട്ടി പതാകകൾ വീശിയും അടിവാരം അങ്ങാടിയിലൂടെ യാത്രാ അംഗങ്ങളെ ആനയിച്ചു. എൽ.ഡി.എഫ്. നേതാക്കൾ ഷാൾ അണിയിച്ച് ജാഥാംഗങ്ങളെ വരവേറ്റു. സി.പി.എം. ജില്ലാസെക്രട്ടറി എം. മെഹബൂബ്, സി.പി.ഐ. ജില്ലാസെക്രട്ടറി പി. ഗവാസ്, ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി. കുഞ്ഞാലി, സലീം മടവൂർ, എൽ.ഡി.എഫ്. കൺവീനർ മുക്കം മുഹമ്മദ്, അഹമ്മദ് ദേവർകോവിൽ എം.എൽ.എ., ടി. വിശ്വനാഥൻ, ടി.എം. ജോസഫ്, സാലിഹ് കൂടത്തായി, സി.പി. മുസാഫർ അഹമ്മദ്, കെ.കെ. ലതിക, വി. വസീഫ്, ഇളമന ഹരിദാസ്, ടി.കെ. ബാലഗോപാലൻ, കെ.കെ. ബാലൻ, പി.കെ. നാസർ, എം.കെ. ഭാസ്കരൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, പ്രേംഭാസിൻ, അനിൽകുമാർ, പി. അബ്ദുൽ മജീദ്, വി.എം. ആഷിക്, ബിനിഷ, തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വംനൽകി.

മുക്കം അഭിലാഷ് ജങ്ഷനിൽ നാടൻ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും തുറന്നവാഹനത്തിൽ സ്വീകരണപൊതുയോഗ വേദിയിലേക്ക് ആനയിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാപ്രസിഡന്റ്‌ ടി.എം. ജോസഫ് എം.വി. ഗോവിന്ദനെ തലപ്പാവുനൽകി സ്വീകരിച്ചു. മുന്നണിയിലെ മുതിർന്നപ്രവർത്തകരെയും വിവിധമേഖലകളിൽ കഴിവുതെളിയിച്ചവരെയും പുരസ്കാരജേതാക്കളെയും എം.വി. ഗോവിന്ദൻ ഷാളണിയിച്ച് ആദരിച്ചു. തുടർന്ന്, കൊടുവള്ളിയിലും ബാലുശ്ശേരിയിലും ജാഥയ്ക്ക് സ്വീകരണംനൽകി. വെള്ളിയാഴ്ചത്തെ പര്യടനം ബാലുശ്ശേരിയിൽ സമാപിച്ചു. ശനിയാഴ്ച പേരാമ്പ്രയിലാണ് ജാഥയ്ക്ക്‌ ആദ്യസ്വീകരണം.

Related Articles

Leave a Reply

Back to top button