നീർച്ചാൽ മാപ്പത്തണിന് കക്കാടംപൊയിലിൽ തുടക്കം

തിരുവമ്പാടി : ഹരിതകേരളം മിഷൻ സംസ്ഥാന ഐ.ടി. മിഷന്റെ സാങ്കേതിക സഹായത്തോടെ നീർച്ചാൽ മാപ്പിങ്-മാപ്പത്തണിന് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കക്കാടംപൊയിലിൽ തുടക്കമായി. പശ്ചിമഘട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്ന 230 ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലെ നീർച്ചാൽ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് മാപ്പത്തോൺ.
ഐ.ടി. മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന മാപ്പത്തൺ പ്രക്രിയയിലുൾപ്പെടുത്തി ഉപഗ്രഹചിത്രങ്ങളുടേയും നേരിട്ടുള്ള സന്ദർശനത്തിലൂടെയും ഡ്രോണുകളുടെയും സഹായത്തോടെയും നീർച്ചാൽ ശൃംഖല പൂർണമായി കണ്ടെത്തി മാപ്പ് ചെയ്യും. ജില്ലയിലെ പശ്ചിമഘട്ട മലനിരകൾ ഉൾക്കൊള്ളുന്ന കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് തുടങ്ങിയ 14 മലയോര പഞ്ചായത്തുകളിലാണ് മാപ്പിങ് നടക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനം. നീർച്ചാൽ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നടക്കുന്ന രണ്ടാംഘട്ടം മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ഹരിതകേരളം മിഷന്റെയും സഹായത്തോടെ നടപ്പാക്കും. പശ്ചിമഘട്ട പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുപകരം സുരക്ഷിത ജീവിതം സാധ്യമാകുന്ന പ്രദേശമായി മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടാണ് മാപ്പിങ് നടത്തുന്നത്.
മാപ്പത്തൺ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്ന നവകേരളം കർമപദ്ധതി കോട്ടയം ജില്ലാ ടീമിലെ ശരത്ചന്ദ്രൻ, പാർവതി എസ്. കുറുപ്പ്, സാങ്കേതിക പിന്തുണ നൽകുന്ന ഐ.ടി. മിഷൻ പ്രതിനിധികളായ ബി.ജി. ശ്രീലക്ഷ്മി, സി. ബിനോയി, നവകേരളം കർമപദ്ധതി കോഴിക്കോട് ടീമിലെ റിസോഴ്സ് പേഴ്സൺമാർ, ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രവർത്തകർ ഉൾപ്പെട്ട ടീമാണ് മാപ്പിങ് നടത്തുന്നത്. കക്കാടംപൊയിലിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ സീനാ ബിജു അധ്യക്ഷയായി. നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റോസിലി ജോസഫ്, പി.എസ്. അജിത്ത്, നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺ ഡോണ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.







