തിരുവമ്പാടി എസ്റ്റേറ്റിൽ എട്ടുനാൾ നീണ്ടുനിന്ന സംയുക്ത തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീർന്നു

തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റിൽ എട്ടുനാൾ നീണ്ടുനിന്ന സംയുക്ത തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീർന്നു. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ ഏറെയും അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായതോടെയാണിത്. സത്യാഗ്രഹം ഉൾപ്പെടെയുള്ള സമരം ശക്തിപ്പെടുന്നതിനിടെയാണ് ലേബർ ഓഫീസർ വിണ്ടും ചർച്ചയ്ക്ക് വിളിച്ചത്.
നിശ്ചിത പ്രവൃത്തിദിനം പൂർത്തിയാക്കിയ തൊഴിലാളികളെ സ്ഥിരപ്പെടുത്തൽ, ടാപ്പിങ് തൊഴിലാളികളുടെ വേതനകുടിശ്ശിക വിതരണം, ഫാക്ടറി തൊഴിലാളികൾക്ക് നൈറ്റ് അലവൻസ്, താത്കാലിക ജോലിക്കാർക്ക് കൂടുതൽ തൊഴിൽദിനങ്ങൾ എന്നിവ തീരുമാനമായി. ഞായറാഴ്ച ഡ്യൂട്ടിയുൾപ്പെടെയുള്ള തർക്കങ്ങളിൽ തീരുമാനമാകാത്തതിനാൽ സെപ്റ്റംബർ 13-ന് വീണ്ടും അനുരഞ്ജനചർച്ച തുടരും.
അതുവരെ ഞായറാഴ്ച ടാപ്പിങ് നിർത്തിവെയ്ക്കാൻ ധാരണയായി. തൊഴിലാളി യൂണിയനുകളെ പ്രതിനിധാനംചെയ്ത് പ്ലാന്റേഷൻ ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വിശ്വനാഥൻ, ഐ.എൻ.എൽ.സി. നേതാവ് മുക്കം മുഹമ്മദ്, ഐ.എൻ.ടി.യു.സി. നേതാവ് ജംഷീദ് ഒളകര, കമ്പനിയെ പ്രതിനിധാനംചെയ്ത് മാനേജർ സിബിച്ചൻ ചാക്കോ, ആർ. സദാനന്ദൻ, സി. അനിൽകുമാർ എന്നിവർ എഗ്രിമെന്റിൽ ഒപ്പുവെച്ചു. ഇ.പി. അജിത്ത്, റഫീക്ക് കലയത്ത്, ടി.പി. ജബ്ബാർ, വിനോദ് നീലേശ്വരം, നസീർ കല്ലുരുട്ടി, എം.പി. രാമകൃഷ്ണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു







