പള്ളിപ്പടി-പൊന്നാങ്കയം പാലം നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 80 ലക്ഷം രൂപ അടങ്കൽ തുകയിൽ നിർമ്മിക്കുന്ന മുരിങ്ങയിൽ പടി പാലത്തിൻ്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഓൺലൈനായി നിർവ്വഹിച്ചു.
നാല്പത് വർഷം മുൻപ് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച പാലം കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ ഗതാഗത യോഗ്യമല്ലാതായി മാറിയതിനെ തുടർന്നാണ് പുതിയ പാലം നിർമ്മിക്കുന്നത്. പൊന്നാങ്കയം മേഖലയിലെ ജനങ്ങൾക്ക് പള്ളിപ്പടിയിലേക്കും സ്കൂളുകളിലേക്കും തിരുവമ്പാടി റോഡിലേക്കും എത്തുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ് മുരിങ്ങയിൽ പടി പാലം. പഞ്ചായത്തിൻ്റെ ശക്തമായ ഇടപെടലിൻ്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് പാലം പുനർനിർമ്മാണ പദ്ധതി അനുവദിച്ചത്.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൺ താഴത്തുപറമ്പിൽ, ബോസ് ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് ടി, കെ ഡി ആൻ്റണി, റോയി ഓണാട്ട് എന്നിവർ സംസാരിച്ചു.







