കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കും

കൂടരഞ്ഞി: താമരശ്ശേരി റെയ്ഞ്ച് ഓഫിസിനു കീഴിലുള്ള പീടികപ്പാറ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ട കൂടരഞ്ഞി, കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിലും മുക്കം മുൻസിപ്പാലിറ്റിയിലും കർഷകരുടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടി ഊർജിതമാക്കാൻ തീരുമാനിച്ചു.
താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ എം.കെ രാജീവ് കുമാറിൻ്റെ അധ്യക്ഷതയിൽ കൂടരഞ്ഞിയിൽ ചേർന്ന വനം വകുപ്പിൻ്റെ എം പാനൽ ചെയ്തവരുടേയും അല്ലാത്തവരുമായ തോക്ക് ലൈസൻസികളുടെ യോഗത്തിലാണ് തീരുമാനം. കാട്ടുപന്നികളുടെ ശല്ല്യമുള്ളവർ വനം വകുപ്പിൻ്റെ എം.പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സേവനം കർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും റെയ്ഞ്ച്ഓഫീസർ അറിയിച്ചു.
യോഗത്തിൽ പിടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. പ്രസന്നകുമാർ തോക്ക് ലൈസൻസികളായ സി.എം ബാലൻ മുക്കം, ബിജു എ.കെ ചൂലൂർ,ശശി പരപ്പിൽ പന്നിക്കോട്,ചന്ദ്രമോഹൻ കുറുഞ്ചോലപൊയിൽ മുക്കം, ജേക്കബ് മംഗലത്തിൽ കൂടരഞ്ഞി, ദേവസ്വ കുരിശുംമൂട്ടിൽ കൂടരഞ്ഞി,ബാബു ജോൺ പ്ലാക്കാട്ട് കൂടരഞ്ഞി, അഗസ്റ്റ്യൻ ജോസ് പുതിയേടത്ത് കൂടരഞ്ഞി, കുര്യൻ കുര്യാളശ്ശേരി പെരുമ്പുള, അഗസ്റ്റ്യൻ ഇടമനശ്ശേരി കൂമ്പാറ എന്നിവർ സംസാരിച്ചു.







