Kerala

പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ചേക്കും, സാധ്യത പരിഗണിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്‌കൂളുകളില്‍ ഉടനെ എല്ലാ ക്ലാസ്സുകളും ആരംഭിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആരംഭിക്കാനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു.

ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ബുധനാഴ്ച ചേര്ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. എല്ലാ ക്ലാസുകളിലും നേരിട്ടുള്ള അധ്യയനം സാധ്യമാകുമോയെന്ന് പരിശോധിക്കണമെന്നു യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇതിനുള്ള സാഹചര്യമില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില് കലാകായിക വിദ്യാഭ്യാസംകൂടി ഉള്‍പ്പെടുത്തും.

ഡിജിറ്റല്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്കും.അതേസമയം, സംസ്ഥാനത്ത് സ്‌കൂള്‍ പഠനത്തിലെ സിലബസ് വെട്ടിക്കുറയ്‌ക്കേണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ സിലബസ് വെട്ടി കുറയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്.

രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ ഉള്‍പ്പെടെ പഠന പ്രവര്‍ത്തനം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗ, ഡ്രില്‍ ക്ലാസ്സുകളുടെ ഡിജിറ്റല്‍ സംപ്രേക്ഷണവും, കലാകായിക പഠന ക്ലാസുകളും ഉടന്‍ ആരംഭിക്കാനും തീരുമാനമായി.

Related Articles

Leave a Reply

Back to top button