Thiruvambady

നന്മ ചെയ്തവനെ ചതിച്ച് കള്ളന്‍;കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കിയ യുവാവിന്റെ വീട്ടിൽ മോഷണം

താമരശ്ശേരി: മുക്കം പെട്രോൾ പമ്പിന് സമീപം റോഡില്‍ കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃക കാണിച്ച യുവാവിന്റെ വീട്ടിൽ കള്ളൻ കയറി. വീണ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയെ ഏല്‍പ്പിച്ച് മടങ്ങിയ താമരശ്ശേരി കാരാടി പാറക്കല്‍ വീട്ടില്‍ പി കെ ശംസുദ്ദീനാണ് ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവന്നത്.

കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കൊറിയര്‍ സര്‍വീസിന്റെ വാനില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ശംസുദ്ദീന് ശനിയാഴ്ച ഉച്ചയ്ക്കാണ് മുക്കം പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് പതിനായിരം രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് വീണുകിട്ടുന്നത്. വീണ് കിട്ടിയ പേഴ്സ് മുക്കം പോലീസില്‍ ഏൽപ്പിച്ച് മടങ്ങവെ ഉടമ സ്ഥലത്തെത്തിയെന്ന വിവരം സ്റ്റേഷനില്‍ നിന്ന് വിളിച്ചതോടെ തിരികെ മടങ്ങി പേഴ്‌സിന്റെ ഉടമയായ മുക്കം വല്ലാത്തായ്പ്പാറ സ്വദേശി റനീമിനെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തിരികെ എലിപ്പിച്ച് വീട്ടിലേക്ക് മടങ്ങി.

നാല് ദിവസമായി അടഞ്ഞു കിടന്നിരുന്ന വീട്ടിൽ കള്ളൻ
കയറി രണ്ട് പെണ്‍മക്കളുടെ പണക്കുടുക്കയിലെ പണവും അലമാരയിലെ ഒരു ജോഡി സ്വര്‍ണ്ണ കമ്മലും അപഹരിച്ചത് വീട്ടിൽ എത്തിയ ശേഷമാണ് ശംസുദ്ധീൻ അറിയുന്നത്. പിൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. കുടുക്കയിലെ കറന്‍സി മാത്രം ഇരുപതിനായിരം രൂപയ്ക്കടുത്തുണ്ടെന്ന് ശംസുദ്ദീന്‍ പറയുന്നു, നാണയങ്ങളും മറ്റും കള്ളന്‍ എടുത്തിട്ടുമില്ല.

രണ്ട് ദിവസം മുമ്പ് സമീപത്തെ വീട്ടില്‍ കള്ളന്‍ കയറിയിരുന്നു. അന്നുതന്നെയാണ് ശംസുദ്ധീന്റെ വീട്ടിലും കവര്‍ച്ച നടന്നതെന്നാണ് സൂചന. സംഭവത്തില്‍ യുവാവ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

Related Articles

Leave a Reply

Back to top button