കൂടരഞ്ഞിയിൽ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന; 4 കടകൾ പൂട്ടിച്ചു; 16 കടകൾക്ക് നോട്ടീസ്

കൂടരഞ്ഞി: കൂടരഞ്ഞിയിലെ 32 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 4 കടകൾ പൂട്ടിച്ചു, 16 കടകൾക്ക് നോട്ടീസ് നൽകി.
2 ആഴ്ച മുൻപ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകിയിരുന്നെങ്കിലും പോരായ്മകൾ പരിഹരിക്കുവാൻ തയ്യാറാകാത്ത മുംബൈ കൂൾബാർ എന്ന സ്ഥാനവും, ഉപയോഗ തീയതി കഴിഞ്ഞ സാധനങ്ങൾ വില്പനക്ക് വെക്കുകയും വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത പാപ്പൻസ് ഫുഡ്‌കോർട്ട് എന്ന സ്ഥാനവും, മലിന ജലം പൊട്ടി ഒഴുകുന്നതും, വൃത്തി ഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്നതുമായ ഗോകുലം മെസ്സ് എന്ന സ്ഥാപനവും അടച്ചിട്ട് പോരായ്മകൾ പരിഹരിക്കുവാൻ നിർദേശം നൽകിയതായി ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
കൂടാതെ ലൈസൻസ് ഇല്ലാതെയും വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്നതുമായ അരീക്കോട് ഫിഷ് സ്റ്റാൾ എന്ന സ്ഥാപനത്തിൽ നിന്നും 4.5 കിലോ പഴകിയ മത്സ്യം കണ്ടെത്തിയതിനെ തുടർന്ന് അടച്ചിടുവാൻ നിർദേശിച്ചു.
വൃത്തിഹീനമായ സാഹചര്യത്തിലും, ആരോഗ്യ നിർദേശങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച 16 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
കൂടരഞ്ഞി ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജിന്റെ നേതൃത്വത്തിൽ ജെ. എച്ച്. ഐ മാരായ ജെസ്റ്റി ജി ജോസ്, സീമ. പി, ആധിഷ് എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും, ആരോഗ്യ വകുപ്പിന്റെ സാനിറ്ററി സർട്ടിഫിക്കറ്റ് ഇല്ലാതെയും, ആരോഗ്യ നിയമങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രാദേശിക പൊതു ജനാരോഗ്യ അധികാരിയായ ഡോ. പ്രിയ കെ.വി അറിയിച്ചു.







