Thiruvambady

വന്യമൃഗശല്യം: തിരുവമ്പാടി മണ്ഡലത്തിൽ ഉന്നതതല അവലോകനയോഗം ചേർന്നു

തിരുവമ്പാടി: കിഴക്കൻ മലയോര മേഖലയിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മനുഷ്യ–വന്യജീവി സംഘർഷം തടയുന്നതിനുമായി തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഉന്നതതല അവലോകനയോഗം ചേർന്നു. വനം, കൃഷി വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സി. മോയിൻകുട്ടി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സി.കെ. കാസിം എം.എൽ.എ. അധ്യക്ഷത വഹിച്ചു.

കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകൾ ചേർന്ന് നടപ്പാക്കുന്ന 23 കിലോമീറ്റർ സോളാർ ഫെൻസിങ് പദ്ധതി പൂർത്തീകരിക്കുന്ന ചുമതല വനംവകുപ്പ് ഏറ്റെടുക്കാൻ യോഗത്തിൽ തീരുമാനമായി. ഫെൻസിങ്ങിനായി ഇരുവശത്തുമായി അഞ്ച് മീറ്റർ വീതിയിൽ സ്ഥലം ഒരുക്കുന്ന ചുമതലയും ജനപങ്കാളിത്തത്തോടെ വനംവകുപ്പ് ഏറ്റെടുക്കും. ശേഷിക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും.

ഫെൻസിങ്ങിന്റെ സംരക്ഷണവും പരിപാലനവും ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറും. വാർഡ് മെമ്പറുടെയും വനം സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പ്രത്യേക ജാഗ്രതാ സമിതി രൂപീകരിക്കും. ജനപങ്കാളിത്തത്തോടെ പ്രത്യേക വാച്ചർമാരെ നിയമിച്ച് ഫെൻസിങ്ങിന്റെ പരിപാലനം, കാട് വെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തീരുമാനിച്ചു.

ഫെൻസിങ് നിർമാണത്തിനായി ടെൻഡർ ചെയ്ത മരങ്ങൾ 60 ദിവസത്തിനകം മുറിച്ചുമാറ്റാൻ കരാറുകാരന് നിർദേശം നൽകും. അറ്റകുറ്റപ്പണികളുടെ അഭാവവും മറ്റ് കാരണങ്ങളും മൂലം താറുമാറായ ഫെൻസിങ് പുനഃസ്ഥാപിച്ച് ആധുനിക സംവിധാനങ്ങളോടെ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ചുമതലയും വനംവകുപ്പ് ഏറ്റെടുക്കും.

ഫെൻസിങ് നിർമാണത്തിന് കൂടുതൽ തുക അനുവദിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയിൽ നിർദേശങ്ങൾ സമർപ്പിക്കാനും നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിന്റെ അടിയന്തര സഹായം തേടാനും തീരുമാനമായി.

മണ്ഡലത്തിൽ ശേഷിക്കുന്ന 32 കിലോമീറ്റർ പ്രദേശത്ത് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സഹായത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് ഘട്ടംഘട്ടമായി നടപ്പാക്കും. വനവും കൃഷിഭൂമിയും വേർതിരിക്കുന്ന തരത്തിൽ സമഗ്രമായ ഫെൻസിങ് പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു താന്നിക്കാക്കുഴി, ജിതിൻ പല്ലാട്ട്, അന്നക്കുട്ടി ദേവസ്യ, ബോബി ഷിബു, വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, ജോർജ്കുട്ടി കക്കാടംപൊയിൽ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ടി. ഷീബ, എ.ഡി.എ പ്രിയ മോഹൻ, എ.ഒമാരായ മുഹമ്മദ് ഫാസിൽ, ടിൻസി, ഡി.എഫ്.ഒ എം. ജോഷിൽ, ആർ.എഫ്.ഒ കെ.പി. പ്രേംഷമീർ, ഡെപ്യൂട്ടി ആർ.എഫ്.ഒ കെ. ഷാജൻ, എസ്.എഫ്.ഒമാരായ സനീഷ്, ടി.വി. ഷൈരാജ് തുടങ്ങിയവർ പങ്കെടുത്തു. ജനപ്രതിനിധികളായ മനോജ് മുത്തപ്പൻപുഴ, വിൻസന്റ് വടക്കേമുറി, റിയാനസ് സുബൈർ, മുഹമ്മദ് വട്ടപറമ്പിൽ, സണ്ണി കാപ്പാട്ടുമല, ജിമ്മി ജോസ്, ദീപ ഷൈജോ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button