“വണ്ടിയിൽ നിന്നുള്ള കഞ്ചാവും കുപ്പിയും എവിടെ?”; തോട്ടുമുക്കത്ത് അർദ്ധരാത്രിയിൽ വീടുകയറി ആക്രമണം — വയോധികയ്ക്കും മകനും ക്രൂരമർദ്ദനം

തോട്ടുമുക്കം: അർദ്ധരാത്രിയിൽ വീടുകയറി 82 വയസ്സുകാരിയായ വയോധികയെയും മകനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ മുക്കം പോലീസ് കേസെടുത്തു. തോട്ടുമുക്കം ഭഗവതിപറമ്പിൽ ചന്ദ്രൻ (52), മാതാവ് ജാനകി (82) എന്നിവർക്കാണ് മർദ്ദനമേറ്റത്.
തോട്ടുമുക്കത്ത് ഓട്ടോ ഓടിക്കുന്ന പനമ്പ്ലാവ് സ്വദേശി കരിക്കൂട്ടത്തിൽ ശാലുമോനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്തത്.
ഓഗസ്റ്റ് നാലിന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ചന്ദ്രനും കുടുംബവും താമസിക്കുന്ന വീടിന്റെ തിണ്ണയിലേക്ക് പ്രതികൾ അതിക്രമിച്ച് കയറിയെന്നാണ് പരാതി. തുടർന്ന് ചന്ദ്രനെ അസഭ്യം പറയുകയും വഴിതടഞ്ഞ് കഴുത്തിൽ പിടിച്ച് തള്ളുകയും തകര ഷീറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. തടയാനെത്തിയ മാതാവ് ജാനകിയെയും മർദ്ദിച്ച് തള്ളിമാറ്റിയെന്നാണ് പോലീസ് പറയുന്നത്.
മറ്റൊരു വാഹനത്തിൽനിന്ന് കഞ്ചാവും മദ്യക്കുപ്പിയും എടുത്തത് ചന്ദ്രനാണെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ആക്രമണമെന്നാണ് വിവരം. “വണ്ടിയിൽ നിന്നുള്ള കഞ്ചാവും കുപ്പിയും എവിടെ?” എന്ന് ചോദിച്ചായിരുന്നു മർദ്ദനം.
തടഞ്ഞുനിർത്തൽ, അതിക്രമിച്ച് കയറൽ, മർദ്ദനം, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി BNS 126(2), 329(4), 115(2), 118(1), 296(b), 3(5) വകുപ്പുകൾ പ്രകാരമാണ് മുക്കം പോലീസ് കേസെടുത്തത്. എസ്.ഐ. സിദ്ദിഖ് കെ.യുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.







