കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി എൻ.എസ്.എസ്. ക്ഷേമപദ്ധതിക്ക് തുടക്കമായി

മുക്കം: ഭിന്നശേഷി വിദ്യാർഥികളുടെ ക്ഷേമത്തിനും പിന്തുണയ്ക്കുമായി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളിലെയും ദത്തെടുത്ത പങ്കാളിത്ത ഗ്രാമത്തിലെയും ഭിന്നശേഷി വിദ്യാർഥികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായങ്ങൾ ഉറപ്പാക്കുന്നതാണ് പദ്ധതി.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിദ്യാർഥികളോട് സഹാനുഭൂതിയും സാമൂഹിക ഉത്തരവാദിത്വബോധവും ഉള്ളവരായി വിദ്യാർഥികളെ വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
പി.ടി.എ. വൈസ് പ്രസിഡന്റ് ജി.എൻ. ആസാദ്, പ്രിൻസിപ്പൽ പി.ടി. ഇസ്മായിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ.ടി. സലിം, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, വളണ്ടിയർമാരായ റസ്‌ല, റൈഷ, മാസിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







