ഒടുവിൽ പഞ്ചായത്ത് ജീപ്പിന് മോചനം; ആദ്യയാത്ര മലബാർ റിവർ ഫെസ്റ്റിവൽ വിളംബരജാഥയിൽ പങ്കെടുക്കാൻ

തിരുവമ്പാടി : ആർക്കും ഉപകാരപ്പെടാതെ തുടർച്ചയായി 12 ദിവസം ഷെഡ്ഡിൽ വിശ്രമിക്കേണ്ടിവന്ന ഗ്രാമപ്പഞ്ചായത്ത് ജീപ്പിന് ഒടുവിൽ മോചനം. മലബാർ റിവർ ഫെസ്റ്റിവൽ വിളംബരജാഥയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ബിന്ദു ജോൺസെനുമായി കോടഞ്ചേരിയിലേക്കായിരുന്നു ആദ്യയാത്ര. പ്രസിഡന്റും സെക്രട്ടറിയുംതമ്മിലുള്ള ശീതസമരത്തെത്തുടർന്ന് പഞ്ചായത്ത് ജീപ്പ് കട്ടപ്പുറത്ത് വിശ്രമിക്കുന്നതുസംബന്ധിച്ച് മാതൃഭൂമി വാർത്തനൽകിയിരുന്നു.
സെക്രട്ടറി യഥേഷ്ടം ജീപ്പുപയോഗിക്കാൻ തുടങ്ങിയതോടെ വനിതാ പഞ്ചായത്ത് പ്രസിഡന്റിന് വണ്ടികിട്ടാതായതാണ് വിവാദങ്ങളുടെ തുടക്കം. തർക്കം രൂക്ഷമായതോടെ വണ്ടി ഷെഡ്ഡിൽക്കയറ്റിയിടാൻ സെക്രട്ടറി ബിബിൻ ജോസഫ് ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം മാധ്യമങ്ങളിൽ വാർത്തയായിട്ടും സെക്രട്ടറി പിടിവാശിതുടർന്നു. ഒടുവിൽ യു.ഡി.എഫ്. പ്രാദേശികനേതൃത്വം ഇടപെട്ട് താക്കീതുനൽകുകയായിരുന്നു. നേതൃത്വം പ്രക്ഷുബ്ധമെന്ന വിവരമറിഞ്ഞതോടെ സമീപനത്തിൽ അയവുവരുത്തുകയായിരുന്നു.
ജൂനിയർ സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണ് താൻ വണ്ടിയെടുത്തതെന്ന് ഡ്രൈവർ ജിൻസ് മാതൃഭൂമിയോടുപറഞ്ഞു. ചട്ടപ്രകാരം ജീപ്പിന്റെ കസ്റ്റോഡിയൻ സെക്രട്ടറിയാണെങ്കിലും ഭരണത്തലവനായ പ്രസിഡന്റിന് ഔദ്യോഗികാവശ്യങ്ങൾക്ക് വിട്ടുനൽകണം. ഔദ്യോഗികാവശ്യത്തനല്ലാതെയും സെക്രട്ടറി ജീപ്പുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ആക്ഷേപമുയർന്നിരുന്നു. ഇതുസംബന്ധിച്ച ലോഗ് ബുക്ക് സൂക്ഷിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.
മലയോരപഞ്ചായത്തായതിനാൽ പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള അടിയന്തരകാര്യങ്ങൾക്കായി നിരന്തരയാത്രകൾ ആവശ്യമായിവരുന്ന പഞ്ചായത്താണിത്. ഇരുവരുംതമ്മിലുള്ള പടലപ്പിണക്കം യാത്രമുടക്കുന്നതിൽ കലാശിച്ചതിൽ വ്യാപകപ്രതിഷേധമുയർത്തിയിരുന്നു. വണ്ടി പത്തുദിവസത്തിലേറെയായി ഷെഡ്ഡിൽക്കിടക്കുന്നത് സംബന്ധിച്ച് സെക്രട്ടറിയോട് ബുധനാഴ്ച രാവിലെ യു.ഡി.എഫ്. നേതൃത്വം ഫോണിൽ വിവരമാരാഞ്ഞപ്പോഴും െെഡ്രവർക്ക് സുഖമില്ലന്ന പതിവുമറുപടിയാണ് ആവർത്തിച്ചത്. നേരത്തേയുള്ള ധാരണപ്രകാരം കഴിഞ്ഞജനുവരിയിൽ പ്രസിഡന്റായി ബിന്ദു ജോൺസൺ ചുമതലയേറ്റതുമുതൽ ലീഗുകാരനായ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണമുന്നണിയിൽനിന്നുതന്നെ ഒരുവിഭാഗം അസ്വാരസ്യവുമായി പ്രസിഡന്റിനെതിരേ രംഗത്തുണ്ട്.







