മുക്കം വീണ്ടും കണ്ടെയ്ൻമെന്റ് സോൺ: പ്രതിഷേധവുമായി വ്യാപാരികൾ

മുക്കം: മലയോര മേഖലയുടെ പ്രധാന കേന്ദ്രമായ മുക്കം അങ്ങാടി ഇടയ്ക്കിടെ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റുന്നതിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ. രോഗവ്യാപനം തുടരുന്ന ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് ടൗണിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ വരുത്തണം എന്നാണ് വ്യാപാരികളുടെ ആവശ്യം.
മുഴുവൻ അടച്ചിടുന്ന രീതി മാറണം.ഈ ആവശ്യം ഉന്നയിച്ച് മുക്കം പോലീസുമായും നഗരസഭ അധികൃതരുമായും വ്യാപാരി സംഘടനാ നേതാക്കൾ ചർച്ച നടത്തിയതായി വ്യാപാരി സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് ശശി ഊരാളി പറഞ്ഞു. മൊബൈൽ ഷോപ്പിലെ ജീവനക്കാരന് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒരാഴ്ചക്കാലം പൂർണമായി കണ്ടെയ്ൻമെന്റ് സോണായി മാറ്റിയശേഷം തുറന്ന മുക്കം ടൗൺ, രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചതോടെയാണ് വ്യാപാരി സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഓണത്തിന് മുന്നോടിയായി ഇത്തവണ പേരിനെങ്കിലും വ്യാപാരം നടക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ വന്നതിൽ വ്യാപാരികൾ നിരാശയിലാണ്. മുക്കം ടൗണിലെ നൂറുകണക്കിന് വ്യാപാരികളും അവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരും പട്ടിണിയിലേക്ക് പോകുന്ന സാഹചര്യമാണെന്നും വ്യാപാരികൾ പറഞ്ഞു.
അതേസമയം കോവിഡ് സ്ഥിരീകരിച്ച മുക്കം ബസ് സ്റ്റാൻഡിലെ ബ്രീസ് കൂൾ ബാറിലെ ജീവനക്കാരൻ, 150ലേറെ ആളുകളുമായി സമ്പർക്കം ഉണ്ടായ സാഹചര്യത്തിലാണ് പോലീസ് തന്നെ കളക്ടർക്ക് നേരിട്ട് റിപ്പോർട്ട് നൽകി ടൗൺ അടച്ചിട്ടത്.






