സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രം; വേണ്ടെന്ന് കേരളവും മറ്റ് സംസ്ഥാനങ്ങളും; ഓഡിറ്റോറിയങ്ങളും തീയ്യേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കും

ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് ഇന്ന് മുതൽ സ്കൂളുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും ഉടൻ വേണ്ടെന്ന തീരുമാനം കൈക്കൊണ്ട് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ.കർണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സ്കൂളുകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് അതത് സർക്കാരുകളുടെ തീരുമാനം. നവംബറിന് ശേഷം തീരുമാനമെന്നാണ് നിലപാട്.
അതേസമയം, ഒമ്പത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങാൻ ഉത്തർപ്രദേശും, പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്. 20 കുട്ടികൾ മാത്രം ഒരു സെഷനിൽ എന്നാണ് ഉത്തർപ്രദേശും പഞ്ചാബും പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഡിറ്റോറിയങ്ങൾ ഇന്ന് മുതൽ തുറക്കാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. രാജ്യവ്യാപകമായുള്ള അൺലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിൻറെ ഭാഗമായാണ് നടപടി.
രാജ്യത്തെ കണ്ടെയ്മെന്റ് സോണുകൾ അല്ലാത്ത ഇടങ്ങളിൽ സ്കൂളുകൾ, സിനിമാ ഹാളുകൾ, മൾട്ടിപ്ലക്സുകൾ, പാർക്കുകൾ, നീന്തൽക്കുളങ്ങൾ എന്നിവയ്ക്ക് വ്യാഴാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാമെന്നാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഇവ പ്രവർത്തിക്കുക.







